India Kerala

തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുമെന്ന് അമ്പലമുകള്‍ നിവാസികള്‍

ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനൊരുങ്ങി കൊച്ചി അമ്പലമുകള്‍ അടൂര്‍ക്കര നിവാസികള്‍. കൊച്ചിന്‍ റിഫൈനറിക്ക് സമീപത്ത് താമസിക്കുന്ന തങ്ങളുടെ ദുരിതം രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. വോട്ട് ചോദിച്ച് ആരും വരേണ്ടതില്ലെന്ന നോട്ടീസും ഇവര്‍ കവലകളില്‍ പതിച്ചിട്ടുണ്ട്.

ബി.പി.സിയില്‍ കൊച്ചിന്‍ റിഫൈനറിക്ക് സമീപത്തുളള അന്പലമുകള്‍ സൌത്ത് വെസ്റ്റ് റെസിഡന്‍സ് അസോസിയേഷനാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി തങ്ങള്‍ ദുരിതത്തിലാണ് ജിവിക്കുന്നത്. പ്രദേശത്ത് അപകടമുണ്ടായാല്‍ രക്ഷപ്പെടാന്‍ സാധിക്കാത്ത വിധം കമ്പനികളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. മലീനീകരണം മൂലം പലരും നിത്യരോഗികളായി. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അശാസ്ത്രീയ വികസനത്തിന് ഒത്താശ ചെയ്ത് തങ്ങളെ കാലങ്ങളായി അവഗണിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. ഇത്തരത്തില്‍ തങ്ങളെ അവഗണിക്കുന്നവര്‍ക്ക് വോട്ട് ചെയ്യില്ലെന്നുമാണ് ഇവര്‍ നിലപാടെടുത്തിരിക്കുന്നത്.

കമ്പനിയുടെ പ്രവര്‍ത്തനം അശാസ്ത്രീയമാണെന്നും, ഇത് മൂലം സമീപ പ്രദേശത്തെ ജലസ്രോതസുകള്‍ മലീനീകരിക്കപ്പെട്ടുവെന്നും ഇവര്‍ ആരോപിക്കുന്നു. 45 ഏക്കര്‍ വിസ്‍തൃതിയുള്ള അടൂര്‍ക്കരയില്‍ 34 കുടുംബങ്ങളാണ് താമസിക്കുന്നത്. നിരവധി കുടുംബങ്ങള്‍ നേരത്തെ തന്നെ ഇവിടെനിന്ന് മാറി താമസിച്ചിരുന്നു.