ജനാധിപത്യത്തില്‍ ചിന്തിക്കാന്‍ കഴിയാത്ത തീരുമാനമാണ് ലോകായുക്ത ഓര്‍ഡിനന്‍സെന്ന് മുസ്ലിം ലീഗ്. ഈ നീക്കം അപലപനീയമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഗവര്‍ണര്‍ അനുമതി നല്‍കരുത്.ലോകായുക്തയുടെ ഇന്നത്തെ അധികാരത്തിനുവേണ്ടി സിപിഐഎം ഉള്‍പ്പെടെ സമരം ചെയ്തിട്ടുണ്ടെന്നും പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
ലോകായുക്തയെ സർക്കാർ നോക്കുകുത്തിയാക്കുന്നത് അഴിമതി നിർലോഭം തുടരാനാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.എം.എ സലാം പ്രസ്താവിച്ചു. സർക്കാരിനെതിരെ അഴിമതി അന്വേഷണങ്ങളും വിധിപ്രഖ്യാപനങ്ങളും വന്നാലും അധികാരത്തിൽ അള്ളിപ്പിടിച്ച് അഴിമതി നിർലോഭം തുടരാനാണ് സർക്കാർ ലോകായുക്തയെ നിഷ്ക്രിയമാക്കുന്നത്.
മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ അഴിമതി ആരോപണം നിലനിൽക്കുമ്പോഴാണ് ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന നടപടി. മന്ത്രിമാർക്കെതിരായി ലോകായുക്ത ഉത്തരവ് വന്നാൽ മുഖ്യമന്ത്രി ഹിയറിങ് നടത്തി നടപടി വേണ്ടെന്ന് തീരുമാനിക്കുന്ന ഭേദഗതി എന്തിനു വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും ബോധ്യമാകും. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രക്ഷിക്കാനുള്ള അടവ് മാത്രമാണിത്- പി.എം.എ സലാം വ്യക്തമാക്കി.