മലപ്പുറത്ത് 16കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
വണ്ടൂര്‍ സ്വദേശിയായ യുവാവ് ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ 16 കാരിയെ വിവാഹം കഴിച്ചത്. സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി സിഡബ്ല്യുസി രംഗത്തെത്തി. ബാലവിവാഹം നടന്നതായി പൊലീസിനെ വിവരം അറിയിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ലെന്നും വൈദ്യസഹായമോ മാനസിക പിന്തുണയോ കൃത്യ സമയത്ത് നല്‍കാനായില്ലെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ കെ ഷാജേഷ് ഭാസ്‌ക്കര്‍ പറഞ്ഞു. നേരത്തെയും മലപ്പുറത്ത് സമാന രീതിയിലുള്ള ശൈശവ വിവാഹങ്ങള്‍ സിഡബ്ല്യുസി ഇടപെട്ട് തടഞ്ഞിരുന്നു.
ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സയ്‌ക്കെത്തിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിഞ്ഞത്. ഇതോടെ ആശുപത്രി അധികൃതര്‍ സിഡബ്ല്യുസിയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.