India

ഗോവ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ഇന്നുമുതല്‍ പത്രിക സമര്‍പ്പിച്ച് തുടങ്ങും

ഗോവയില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ പ്രമുഖ സ്ഥാനാര്‍ഥികള്‍ ഇന്നു മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങും. വെള്ളിയാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ബിജെപി വിട്ട് സ്വതന്ത്രരായി മത്സരിക്കാന്‍ തീരുമാനിച്ച ഉത്പാല്‍ പരീക്കറിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം കേന്ദ്ര നേതൃത്വം തുടരുകയാണ്. മനോഹര്‍ പരീക്കറിന്റെ മണ്ഡലമായ പനാജിയില്‍ നിന്നാണ് മകന്‍ ഉത്പാല്‍ സ്വതന്ത്രനായി മത്സരിക്കുക.

ഉത്പാല്‍ തീരുമാനം പുനപരിശോധിക്കണമെന്നും മനോഹര്‍ പരീക്കറിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി ബിജെപിയില്‍ തുടരണമെന്നും ബിജെപി ജനറല്‍ സെക്രട്ടറി സി ടി രവി അപേക്ഷിച്ചിട്ടുണ്ട്. ഗോവയില്‍ ബിജെപിക്ക് മാത്രമേ സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെ രൂപീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ജനുവരി 30ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗോവയിലെത്തുമെന്നും പ്രഖ്യാപനമുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷം കൂറുമാറില്ലെന്ന് സ്ഥാനാര്‍ഥികളെക്കൊണ്ട് കോണ്‍ഗ്രസ് സത്യം ചെയ്യിപ്പിച്ചത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ക്ഷേത്രങ്ങളിലും ക്രിസ്ത്യന്‍ പള്ളികളിലും മുസ്ലീം പള്ളികളിലുമായി 36 സ്ഥാനാര്‍ത്ഥികളാണ് ഇത്തരത്തില്‍ പ്രതിജ്ഞ ചൊല്ലിയത്. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയോടും ജനങ്ങളോടും വിധേയപ്പെടും എന്ന പ്രതിജ്ഞയാണ് സ്ഥാനാര്‍ത്ഥികള്‍ ചൊല്ലിയത്.

പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെയും കൊങ്കണിയിലെ ബാംബോലിം ക്രോസിലുമെത്തി കൈകൂപ്പി വണങ്ങിയാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം തുടരുമെന്ന് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞത്. പാര്‍ട്ടിക്കൊപ്പം ഏത് സാഹചര്യത്തിലും അടിയുറച്ച് നില്‍ക്കുമെന്നും പ്രതിജ്ഞയില്‍ പറയുന്നു. ഫെബ്രുവരി 14നാണ് ഗോവയില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10 ന് വോട്ടെണ്ണല്‍ നടക്കും.