India

എല്ലാ പ്രതിരോധ കുത്തിവെപ്പുകളും കൊവിഡ്മുക്തി നേടി മൂന്ന് മാസത്തിന് ശേഷം; നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

മുന്‍കരുതല്‍ ഡോസ് ഉള്‍പ്പെടെ എല്ലാ കൊവിഡ് പ്രതിരോധ കുത്തിവെപ്പുകളും രോഗമുക്തിയ്ക്ക് ശേഷം മൂന്ന് മാസത്തെ ഇടവേള കഴിഞ്ഞ് മതിയെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദഗ്ധ സംഘത്തിന്റെ ഉപദേശ പ്രകാരമാണ് പുതിയ നിര്‍ദേശം നല്‍കുന്നതെന്ന് ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി വികാസ് ഷീല്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ മൂന്ന് മാസത്തിനുശേഷം നല്‍കിയാല്‍ മതിയെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്കാണ് നിലവില്‍ കരുതല്‍ ഡോസ് നല്‍കുക. 60 വയസു കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ക്കും കരുതല്‍ ഡോസ് വാക്‌സിന്‍ നല്‍കും. ജനുവരി മൂന്ന് മുതലാണ് 15 വയസിനും 18 വയസിനുമിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാരംഭിച്ചത്.

അതിനിടെ കോവിന്‍ ആപ്പില്‍ ഒറ്റ നമ്പറില്‍ നിന്നുള്ള വാക്‌സിന്‍ ബുക്കിംഗ് പരിധി ഉയര്‍ത്തിയിരുന്നു. കോവിനില്‍ ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആറ് അംഗങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. നേരത്തെ ഒരു നമ്പര്‍ ഉപയോഗിച്ച് നാല് പേര്‍ക്ക് വരെ മാത്രമേ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളു. ഈ പരിധിയാണ് നിലവില്‍ ആറിലേക്ക് ഉയര്‍ത്തിയത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3.37 ലക്ഷം പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് നേരിയ കുറവാണ് ഈ കണക്ക്. ഇതോടെ ആകെ രാജ്യത്ത് 3.88 കോടി ആളുകള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.22. 488 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണനിരക്ക് 4,88,884 ആയി.