കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത ടോറസ് ലോറി പിടികൂടി. ഡ്രൈവർ ചുവന്നമണ്ണ് കുന്നുമ്മേൽ ജിനേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. വാണിയമ്പാറ കണ്ടത്തിൽ സജിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. മണ്ണിറക്കിയതിനു ശേഷം ബക്കറ്റ് താഴ്ത്താൻ മറന്നുപോയതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളാണ് ലോറി ഇടിച്ച് തകർത്തത്. ടോറസിന് പുറകിലെ ബക്കറ്റ് ഉയര്‍ത്തിവെച്ച് വാഹനം ഓടിച്ചതാണ് മുകളില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ തകരാന്‍ കാരണം. 10 ലക്ഷം രൂപയിലധികം നഷ്ടമുണ്ടാതായാണ് ഇലക്ട്രിക്കല്‍ വിഭാഗം അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് കുതിരാനിലെ രണ്ടാം തുരങ്കം തുറന്നുകൊടുത്തത്. രണ്ടാം തുരങ്കത്തിലൂടെ കടത്തിവിടുന്നത് തൃശൂരില്‍ നിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ്. ഒന്നാം തുരങ്കത്തിലെ രണ്ടു വരി ഗതാഗതം ഒഴിവാക്കി ഇനി ഒറ്റ വരിയാക്കും. രണ്ടാം തുരങ്കത്തിന്റെ ചെറിയ ഭാഗമാണ് തുറന്നു കൊടുത്തത്. പ്രധാന അപ്രോച്ച് റോഡിന്റെ പണി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. രണ്ടാം തുരങ്കം ഏപ്രില്‍ അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, തുരങ്കം സഞ്ചാരയോഗ്യമായ സാഹചര്യത്തിലാണ് തുറന്നു നല്‍കാമെന്ന നിര്‍ദേശം ദേശീയപാതാ അതോറിറ്റി നടത്തിയത്. തുരങ്കങ്ങള്‍ തുറന്നു കൊടുത്താലും ടോള്‍ പിരിവ് ഉടന്‍ തുടങ്ങാന്‍ സമ്മതിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.