ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് ദക്ഷിണാഫ്രിക്ക തോൽപ്പിച്ചു. 288 റൺസ് വിജയലക്ഷ്യം പതിനൊന്ന് പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് നേടി. 85 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ ലോകേഷ് രാഹുൽ 55 റൺസെടുത്ത് പുറത്തായിരുന്നു.
രാഹുലും ഋഷഭ് പന്തും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിംഗ്സിൽ നിർണായകമായത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച പന്ത് അനായാസം ബൗണ്ടറി ക്ലിയർ ചെയ്തു. ഈ സമയത്ത് രാഹുലിൻ്റെ മെല്ലെപ്പോക്ക് മറച്ചുനിർത്തിയത് പന്തിൻ്റെ തകർപ്പൻ ഇന്നിംഗ്സായിരുന്നു. 43 പന്തിൽ പന്ത് ഫിഫ്റ്റി തികച്ചു. മൂന്ന് തവണ ഫീൽഡർമാർ ജീവൻ നൽകിയ രാഹുൽ 71 പന്തിലും ഫിഫ്റ്റി തികച്ചു. 115 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിനു ശേഷം രാഹുൽ മടങ്ങി. 55 റൺസെടുത്ത രാഹുലിനെ മഗാലയുടെ പന്തിൽ വാൻ ഡെർ ഡസ്സൻ പിടികൂടുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ പന്തും മടങ്ങി. പന്ത് തബ്രൈസ് ഷംസിയുടെ പന്തിൽ മാർക്രത്തിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. 71 പന്തിൽ 10 ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 85 റൺസെടുത്ത് പുറത്തായ പന്ത് ഏകദിനത്തിലെ തൻ്റെ ഉയർന്ന സ്കോർ കൂടിയാണ് ഇന്ന് കുറിച്ചത്.
ശ്രേയാസ് അയ്യർ (11) ഷംസിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി വേഗം മടങ്ങിയപ്പോൾ ആറാം നമ്പറിലെത്തിയ വെങ്കടേഷ് അയ്യർ ശർദ്ദുൽ താക്കൂറുമായിച്ചേർന്ന് കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചു. എന്നാൽ 22 റൺസെടുത്ത അയ്യറെ ഫെഹ്ലുക്വായോയുടെ പന്തിൽ ഉജ്ജ്വലമായി സ്റ്റമ്പ് ചെയ്ത ഡികോക്ക് ഇന്ത്യയെ പരുങ്ങലിലാക്കി.
അവസാന ഓവറുകളിൽ ശർദ്ദുൽ താക്കൂർ-ആർ അശ്വിൻ സഖ്യത്തിൻ്റെ ബാറ്റിംഗാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. കഴിഞ്ഞ കളിയിലെ ഫോം തുടർന്ന താക്കൂർ 38 പന്തിൽ 40 റൺസെടുത്ത് പുറത്താവാതെ നിന്നു. അശ്വിൻ 24 പന്തിൽ 25 റൺസെടുത്ത് പുറത്താവാതെ നിന്നു. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് അപരാജിതമായ 48 റൺസിൻ്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്.