മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥികളുടെ സ്വത്ത് സംബന്ധിച്ച തർക്കം രൂക്ഷമാകുന്നു. നാമനിർദ്ദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫും യു.ഡി.എഫും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ ശരിയായ സ്വത്ത് വിവരം മറച്ചുവെച്ചെന്ന് എല്‍.ഡി.എഫും ചിറ്റയം ഗോപകുമാറിന്റെ ഭാര്യയുടെ വരുമാനം കുറച്ച് കാണിച്ചെന്ന് യു.ഡി.എഫും ആരോപിക്കുന്നു
യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ഓരോ തെരഞ്ഞെടുപ്പിലും കാണിക്കുന്ന സ്വത്ത് വിവരത്തിൽ പൊരുത്തക്കേടുണ്ടെന്നാണ് എൽ.ഡി.എഫിന്റെ പ്രധാന വാദം. എം.പി, കേന്ദ്രമന്ത്രി സ്ഥാനങ്ങളിലൂടെ ലഭിച്ച വരുമാനമല്ല പത്രികക്കൊപ്പം നൽകിയ വിവരത്തിലുള്ളതെന്നും അതിനാൽ കൊടിക്കുന്നിലിന്റെ വരുമാനത്തെക്കുറിച്ച് അന്വഷണം വേണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെടുന്നു. മാത്രവുമല്ല സർക്കാരിലേക്ക് നൽകേണ്ട ബാധ്യത എംപി അടച്ചില്ലെന്നും എൽ.ഡി.എഫ് നൽകിയ പരാതിയിൽ പറയുന്നു.
ബാധ്യതയടക്കേണ്ട സാഹചര്യം ഇല്ലെന്നും അത്തരമൊരു ആവശ്യമില്ലാത്ത വിവരം വരണാധികാരിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും യു.ഡി.എഫ് പറയുന്നു. എന്നാൽ കഴിഞ്ഞ നിയമസസഭാ തെരഞ്ഞെടുപ്പിൽ അടൂരിൽ മത്സരിച്ചപ്പോൾ ചിറ്റയം ഗോപകുമാർ സമർപ്പിച്ച സത്യവാങ്മൂലവും ഇപ്പോൾ സമർപ്പിച്ച രേഖകളും സംബന്ധിച്ച പൊരുത്തക്കേടുകളാണ് യു.ഡി.എഫ് ഉയർത്തുന്ന പ്രശ്നം. ചിറ്റയത്തിന്റെ ഭാര്യയുടെ വരുമാനം സംബന്ധിച്ചാണ് യു.ഡി.എഫിന്റെ പരാതി.