ഡി ലിറ്റ് വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പ്രസ്താവന സ്വാഗതാർഹമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ ചാൻസലർ ആയി തുടർന്നാൽ രാഷ്ട്രീയ ഇടപെടലുകളും അച്ചടക്ക രാഹിത്യവും വച്ചുപൊറുപ്പിക്കില്ല. കേരള വിസിയുടെ രാജി തീരുമാനിക്കേണ്ടത് താൻ അല്ലെന്നും ഗവർണർ വ്യക്തമാക്കി.
കേരള സർവകലാശാല വി സിയുടെ നടപടികൾ ക്രമരഹിതമെന്ന് ഗവർണർ ആരോപിച്ചു. അച്ചടക്കരാഹിത്യവും അക്കാദമിക നിലവാരത്തകർച്ചയും വച്ചുപൊറുപ്പിക്കാനാവില്ല. ലഭിച്ച കത്തുകളിൽ തൃപ്തിയുണ്ട്. ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും തയാറല്ല. കേരള സർവകലാശാല വി സിയുടെ നടപടിയിൽ ഖേദവും വേദനയുമുണ്ടെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
ഇതിനിടെ ഗവർണറുടെ പരിഹാസത്തിന് മറുപടിയുമായി കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.വി.പി മഹാദേവൻ പിള്ള രംഗത്തെത്തി. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിംഗും തെറ്റാതിരിക്കാൻ പരമാവധി ജാഗരൂകനാണ്. മനസ് പതറുമ്പോൾ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരു ഭൂതന്മാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രദ്ധിക്കാറുണ്ടെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.