കെവിൻ വധക്കേസിൽ വിചാരണ ഈ മാസം 24ന് ആരംഭിക്കും. ജൂൺ ആറാം തിയതിക്കുള്ളിൽ സാക്ഷി വിസ്താരം പൂർത്തിയാക്കാനാണ് കോടതിയുടെ തീരുമാനം. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആദ്യം കോടതി വായിച്ചുകേൾപ്പിച്ച കുറ്റപത്രത്തിൽ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രതികളെ വീണ്ടും കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.
ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് ഈ മാസം 24ന് വിചാരണ ആരംഭിക്കാൻ കോടതി തീരുമാനിച്ചത്. ജൂൺ മാസം ആറാം തീയതി കൊണ്ട് സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കാനാണ് കോടതി ഉദ്ദേശിക്കുന്നത്. തുടർന്ന് ആറുമാസംകൊണ്ട് വിചാരണ നടപടികൾ പൂർത്തിയാക്കും. വിചാരണ വേഗത്തിൽ തീർപ്പാക്കുന്നതിന് വേണ്ടി രാവിലെ 10 മണി മുതൽ വിചാരണ നടപടികൾ ആരംഭിക്കും.
ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ നീനുവിനെ വിവാഹം ചെയ്തതിലുള്ള ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ സാനു ചാക്കോ ഉൾപ്പെടെ 14 പേരാണ് കേസിലെ പ്രതിപ്പട്ടികയിൽ ഉള്ളത്. കൊലപാതകം, ഗൂഡാലോചന, തട്ടികൊണ്ടു പോകൽ എന്നിങ്ങനെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം കോടതി ആദ്യം വായിച്ചു കേൾപ്പിച്ച കുറ്റപത്രത്തിൽ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു.
കഴിഞ്ഞ വർഷം മെയ് 26നാണ് പ്രതികൾ കെവിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് തെന്മലയിൽ വെച്ച് കൊല്ലണം എന്ന ഉദ്ദേശത്തോടെ കെവിനെ പിന്തുടർന്ന പ്രതികൾ പുഴയിൽ അടിച്ചു കൊന്നു എന്നാണ് കുറ്റപത്രം.