പത്ത് ദിവസം മുമ്പാണ് കേരളത്തെ നടുക്കിയ ആ ക്രൂരത പുറം ലോകമറിഞ്ഞത്. അനിയനെ മൂത്രമൊഴിപ്പിച്ച് കിടത്താത്തതില്‍ പ്രകോപിതനായ അരുണ്‍ കുട്ടിയെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു.
മാര്‍ച്ച് 28 വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സോഫയില്‍ നിന്ന് വീണ് പരിക്കേറ്റുവെന്നും പറഞ്ഞ് അമ്മയും പ്രതിയായ അരുണ്‍ ആനന്ദും ചേര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിക്കുന്നത്. കുട്ടിയുടെ തലയോട്ടി പൊട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിക്കുന്നത്.
പൊലീസിന്റെ സഹായത്തോടെ വിദഗ്ധ ചികിത്സക്കായി കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഈ സമയം വീട്ടില്‍ ഒറ്റക്ക് പേടിച്ച് വിറച്ച കഴിഞ്ഞിരുന്ന മൂന്നര വയസ്സുള്ള ഇളയ കുട്ടിയില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അപ്പ ചേട്ടനെ വലിച്ചെറിഞ്ഞതും വയറ്റില്‍ ചവിട്ടിയതും വടി ഒടിയും വരെ തല്ലിയതും എല്ലാം ആ കുഞ്ഞ് വിവരിച്ചു. ചോര തുടച്ചത് താനാണെന്നും കൂടി ആ കുഞ്ഞ് പറഞ്ഞു. ഇളയകുട്ടി കട്ടിലില്‍ മൂത്രമൊഴിച്ചതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം.
പിന്നീട് പുറത്തുവന്നിരുന്ന വാര്‍ത്തകളെല്ലാം പ്രബുദ്ധ കേരളത്തെ പിടിച്ചുലക്കുന്നതായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ അരുണ്‍ ആനന്ദ് അറസ്റ്റിലായി. കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവ് മരിച്ച ശേഷമാണ് കുട്ടിയുടെ അമ്മ ഭര്‍ത്താവിന്റെ ബന്ധു കൂടിയായ അരുണിനൊപ്പം താമസമാക്കുന്നത്. ആര്യന് ഏഴ് വയസ്സ് മാത്രമായിട്ടുള്ളൂവെന്നതും അണുബാധയേറ്റിട്ടില്ലായെന്നതും ഏതെങ്കിലും തരത്തിലുള്ള അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷകൾ ഡോക്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് ആര്യന് യാത്രയായി.