രാജ്യത്ത് ജനുവരി 10 മുതൽ മുൻ കരുതൽ ഡോസ് നൽകി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം. ആദ്യം സ്വീകരിച്ച അതേ വാക്സിനാകും ബൂസ്റ്റർ ഡോസായി ലഭിക്കുക. വാക്സിനുകൾ സംയോജിപ്പിച്ച് ഉപയോഗിക്കുന്നത് വെല്ലൂർ മെഡിക്കൽ കോളജിൽ നടന്ന പഠനങ്ങളുടെ അന്തിമ വിശകലനത്തിന് ശേഷമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. ( covid booster dose from jan 10 )
മൂന്ന് കോടി ആരോഗ്യപ്രവർത്തകർക്കും മറ്റ് രോഗങ്ങൾ ഉള്ള മുതിർന്ന പൗരന്മാർക്കുമാണ് മുൻ കരുതൽ ഡോസ് നൽകുന്നത്.
ശനിയാഴ്ച രാത്രി പത്ത് മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി രാജ്യത്ത് ബൂസ്റ്റർ ഡോസിനും അനുമതി നൽകിയ കാര്യം അറിയിക്കുന്നത്. കൊവിഡ് മുൻനിര പോരാളികൾക്ക് ബൂസ്റ്റർ ഡോസ് ജനുവരി 10 മുതൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 60 വയസ് കഴിഞ്ഞവർക്കും അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും ബൂസ്റ്റർ ഡോസ് ലഭിക്കും. കുട്ടികൾക്കുള്ള വാക്സിനേഷനെ കുറിച്ചും അറിയിച്ചു. പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് കൊവിഡ് വാക്സിന് അനുമതി നൽകിയത്.
കുട്ടികൾക്കുള്ള കൊവിഡ് വാക്സിന് ഡിസിജിഐ അനുമതി നൽകിയിരുന്നു. ഭാരത് ബയോട്ടെക്കിന്റെ കോവാക്സിനാണ് അനുമതി ലഭിച്ചത്.
ഇതോടെ ഇന്ത്യയിൽ കുട്ടികൾക്ക് ഉപയോഗിക്കാൻ അനുമതി ലഭിച്ച രണ്ടാമത്തെ വക്സിനായി കോവാക്സിൻ. 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികളിൽ കൊവിഡ് വാക്സിൻ നൽകുന്നത്. മുതിർന്നവരിലും ഇതേ ഇടവേളയിലാണ് കൊവിഡ് വാക്സിൻ നൽകുന്നത്. നേരത്തെ സൈഡസ് കാഡിലയുടെ വാക്സിൻ 12 വയസിന് മുകളിലുള്ള കുത്തികളിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചിരുന്നു.