അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ജയത്തോടെ തുടക്കം. 154 റൺസിന് യുഎഇയെ തകർത്താണ് ഇന്ത്യ ടൂർണമെൻ്റ് ആരംഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്ത ഇന്ത്യക്കെതിരെ 34.3 ഓവറിൽ 128 റൺസെടുക്കുന്നതിനിടെ യുഎഇ ഓൾ ഔട്ടായി. 120 റൺസെടുത്ത ഹർനൂർ സിംഗ് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഓൾറൗണ്ടർ രാജവർധൻ ഹൻഗർഗേക്കർ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി. (u19 asia cup india)
അങ്ക്ക്രിഷ് രഘുവംശിയെ (2) വേഗം നഷ്ടമായെങ്കിലും ഹർനൂർ സിംഗും ഷെയ്ഖ് റഷീദും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് മേൽക്കൈ നൽകി. 90 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ ഷെയ്ഖ് റഷീദ് (35) മടങ്ങി. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ യാഷ് ധുൽ ഹർനൂറിനൊപ്പം ചേർന്നു. 120 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിലാണ് സഖ്യം പങ്കാളികളായത്. ഹർനൂർ പുറത്തായതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. യാഷ് ധുൽ 63 റൺസെടുത്ത് പുറത്തായി. ആറാം നമ്പറിലെത്തിയ രാജവർധൻ്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 23 പന്തുകൾ നേരിട്ട താരം 48 റൺസ് നേടി പുറത്താവാതെ നിന്നു. യുഎഇ ക്യാപ്റ്റനും മലയാളിയുമായ അലിഷാൻ ഷറഫു രണ്ട് വിക്കറ്റ് വീഴ്ത്തി. രഘുവംശിയെ റണ്ണൗട്ടാക്കിയതും അലിഷാൻ ആയിരുന്നു.
മറുപടി ബാറ്റിംഗിൽ ഒരു ഘട്ടത്തിൽ പോലും ഇന്ത്യക്ക് വെല്ലുവിളി ആവാൻ യുഎഇയ്ക്ക് സാധിച്ചില്ല. വളരെ വേഗത്തിൽ അവർക്ക് വിക്കറ്റുകൾ നഷ്ടമായി. ആകെ 4 പേർക്കാണ് യുഎഇ നിരയിൽ ഇരട്ടയക്കം കടക്കാനായത്. 45 റൺസെടുത്ത ഓപ്പണർ കായ് സ്മിത്ത് ആണ് അവരുടേ ടോപ്പ് സ്കോറർ. സൂര്യ സതീഷ് 21 റൺസെടുത്തു. അലിഷാൻ 13 റൺസെടുത്ത് പുറത്തായി. ഇന്ത്യക്കായി രാജവർധൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഗർവ് സാംഗ്വാൻ, വിക്കി ഓസ്റ്റ്വാൾ, കൗശൽ താംബെ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
മറ്റൊരു മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ പാകിസ്താൻ 4 വിക്കറ്റിനു വിജയിച്ചു. അഫ്ഗാനിസ്ഥാൻ വെറും 52 റൺസിന് ഓൾഔട്ടായപ്പോൾ പാകിസ്താൻ 16.4 ഓവറിൽ 6 വിക്കറ്റ് നഷ്ടപെപ്ടുത്തി വിജയിച്ചു. മൂന്നാം മത്സരത്തിൽ ശ്രീലങ്ക കുവൈറ്റിനെ 274 റൺസിനു കെട്ടുകെട്ടിച്ചു. ആദ്യം ബാറ്റ് ചെയ്ത് 5 വിക്കറ്റ് നഷ്ടത്തിൽ 323 റൺസെടുത്ത ശ്രീലങ്ക കുവൈറ്റിനെ 49 റൺസിന് ഓൾ ഔട്ടാക്കി.