രാജ്യത്തെ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,17,671 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ആകെ വാക്‌സിനേഷന്‍ 139.70 കോടി പിന്നിട്ടു(1,39,69,76,774).
രാജ്യത്തെ പ്രായപൂര്‍ത്തിയായവരുടെ വാക്‌സിനേഷനാണ് 60 ശതമാനം പൂര്‍ത്തികരിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇക്കാര്യം ട്വീറ്റ് ചെയ്തത്. 89 ശതമാനം കൗമാരപ്രായക്കാര്‍ ഒന്നാം ഡോസ് വാക്‌സിന്‍ ഇതുവരെ സ്വീകരിച്ചു.
അതിനിടെ രാജ്യത്തെ ഒമിക്രോണ്‍ വ്യാപന സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ രേഖപ്പെടുത്തിയ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 236 ആയി. ഇന്ന് തമിഴ്‌നാട്ടില്‍ 33 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് കൂടുതല്‍ രോഗബാധിതരുള്ളത്.
ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയേക്കും. കേരളത്തില്‍ ഇന്നലെ 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. എറണാകുളത്തെത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്തെത്തിയ 3 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 24 ആയി.