വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ സർവീസസിനെതിരെ കേരളം 175 റൺസിന് ഓൾ ഔട്ട്. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത സർവീസസ് 404 ഓവറിൽ കേരളത്തെ ചുരുട്ടിക്കൂട്ടി. 85 റൺസെടുത്ത ഓപ്പണർ രോഹൻ കുന്നുമ്മൽ മാത്രമാണ് കേരള നിരയിൽ തിളങ്ങിയത്. വിനൂപ് മനോഹരനും (41) ഭേദപ്പെട്ട പ്രകടനം നടത്തി. സർവീസസിനായി ദിവേഷ് പഥാനിയ 3 വിക്കറ്റ് വീഴ്ത്തി. (vijay hazare kerala services)
ടൈറ്റ് ലൈനുകളിൽ പന്തെറിഞ്ഞ സർവീസസിന് അതിൻ്റെ ഫലവും ലഭിച്ചു. ഏഴാം ഓവറിൽ മുഹമ്മദ് അസ്ഹറുദ്ദീൻ (7) പുറത്താവുമ്പോൾ സ്കോർബോർഡിൽ 24 റൺസ് മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നാം നമ്പറിലെത്തിയ ജലജ് സക്സേന ഗോൾഡൻ ഡക്കായി. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 24 റൺസെന്ന നിലയിൽ കൂപ്പുകുത്തിയ കേരളത്തെ മൂന്നാം വിക്കറ്റിൽ രോഹനും വിനൂപും ചേർന്ന് രക്ഷപ്പെടുത്തി. 81 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇരുവരും പങ്കാളിയായത്. ഇതിനിടെ 77 പന്തുകളിൽ രോഹൻ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ താരം വേഗത്തിൽ സ്കോർ ഉയർത്താൻ തുടങ്ങി. വിനൂപും ഗിയർ മാറ്റിയതോടെ കേരളം ട്രാക്കിലായി. എന്നാൽ, 25ആം ഓവറിൽ വിനൂപ് പുറത്തായത് കേരളത്തിനു കനത്ത തിരിച്ചടിയായി.
രോഹനൊപ്പം നാലാം വിക്കറ്റിൽ ഒത്തുചേർന്ന സച്ചിൻ ബേബി ഒരു കൂട്ടുകെട്ടിനു ശ്രമിച്ചെങ്കിലും 12 റൺസ് മാത്രമെടുത്ത് താരം മടങ്ങി. ഇതോടെ കേരളത്തിൻ്റെ തകർച്ചയും ആരംഭിച്ചു. സഞ്ജു (2) വീണ്ടും നിരാശപ്പെടുത്തി. തുടർന്ന് രോഹൻ നിർഭാഗ്യകരമായി റണ്ണൗട്ടായതോടെ കേരളം പത്തിമടക്കി. വിഷ്ണു വിനോദ് (4), ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ (4), സിജോമോൻ ജോസഫ് (9), നിഥീഷ് എംഡി (0) എന്നിവരൊക്കെ വേഗം മടങ്ങി. ഇതോടെ കേരളത്തിൻ്റെ സെമി പ്രവേശനം സംശയത്തിലായിരിക്കുകയാണ്. വിജയലക്ഷ്യം വെറും 176 റൺസ് മാത്രം ആയതിനാൽ അത് സർവീസസ് പിന്തുടരുമെന്നാണ് കരുതുന്നത്.
എലീറ്റ് ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടറിൽ പ്രവേശിച്ചത്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ കരുത്തുറ്റ ടീമുകൾ അടങ്ങിയ ഗ്രൂപ്പ് ആയിരുന്നു ഇത്. ഓരോ മത്സരങ്ങളിൽ ഓരോ താരങ്ങൾ മാച്ച് വിന്നർമാരായി.