India National

പാകിസ്താന്റെ എഫ്16 വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി അമേരിക്ക

പാകിസ്താന്‍റെ എഫ് 16 വിമാനം ഇന്ത്യ തകര്‍ത്തെന്ന വാദം തള്ളി അമേരിക്ക. പാകിസ്താന് നല്‍കിയ എഫ് 16 വിമാനങ്ങളില്‍ നിന്ന് ഒന്നും കാണാതായിട്ടില്ലെന്നും അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ പറഞ്ഞു. അമേരിക്കന്‍ മാധ്യമമായ ‘ഫോറിന്‍ പോളിസി’യാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഫെബ്രുവരി 27 ന് ബലാകോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് ശേഷവും പാക്കിസ്താന്‍ നിരന്തരമായി ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണത്തിന് മുതിര്‍ന്നിരുന്നു.

ഇതിനെ ശക്തമായി ഇന്ത്യന്‍ സൈന്യം ചെറുക്കുകയും ചെയ്തു. ഇതിനിടെയാണ് ഇന്ത്യന്‍ സൈനികനായ അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്താന്‍ പിടിയിലാകുന്നത്. ഇതിന് തൊട്ടുമുന്‍പ് പാക്കിസ്താന്‍റെ എഫ് 16 വിമാനം തകര്‍ത്തതായി അഭിനന്ദന്‍ വര്‍ധമാന്‍ ഡി ബ്രീഫിംഗ് സമയത്തടക്കം വെളിപ്പെടുത്തിയിരുന്നു. അതിര്‍ത്തിയിലുള്ള ഇന്ത്യന്‍ സൈനികരും ഇക്കാര്യം സ്ഥിരീകരിച്ചു. ഇത് മുന്‍ നിര്‍ത്തിയാണ് നിയമങ്ങള്‍ മറികടന്ന് പാക്കിസ്താന്‍ എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ചതിനെതിരെ അന്താരാഷ്ട്ര വേദികളിലടക്കം ഇന്ത്യ പരാതി നല്‍കിയത്. ഇതിനേത്തുടര്‍ന്ന് നടത്തിയ അമേരിക്കന്‍ സേന നടത്തിയ അന്വേഷണ വിവരങ്ങളാണ് പുറത്ത് വന്നത്. സേനയെ ഉദ്ദരിച്ച് ഫോറിന്‍ പോളിസി എന്ന അമേരിക്കന്‍ മാധ്യമമാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.

പാക്കിസ്താന് നല്‍കിയ എഫ് 16 വിമാനങ്ങളില്‍ ഒന്നും കാണാതായിട്ടില്ല എന്നതാണ് പ്രധാന കണ്ടെത്തല്‍. അമേരിക്ക നല്‍കിയ എഫ് 16 വിമാനങ്ങളെല്ലാം പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിനെക്കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.