കെ -റെയിൽ അശാസ്ത്രീയമെന്ന് ആവർത്തിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ശശി തരൂർ എം പിയുടെ നിലപാട് സംബന്ധിച്ച് വിശദീകരണം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിലപാടിന് ശശി തരൂരിന്റെ അഭിപ്രായം ഗുണകരമല്ലെന്നും അദ്ദേഹം തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കെ റെയിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ശശി തരൂർ എംപിയെ അനുകൂലിച്ചും എതിർത്തും കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയാണ്. കെ റെയിൽ പദ്ധതി ജനോപകാരപ്രദമല്ലെന്ന് കൊച്ചു കുഞ്ഞിന് പോലും അറിയാമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. സർക്കാരിനെ സഹായിക്കാനുള്ള ഗൂഢ തന്ത്രമാണ് ശശീ തരൂരിന്റേതെന്നും അത് പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശശി തരൂരിനെതിരെ ഹൈക്കമാന്റ് ഇടപെടണമെന്നും മുല്ലപ്പള്ളി വടകരയിൽ വ്യക്തമാക്കി.
കെ റെയിൽ വിഷയത്തിൽ പാർട്ടിക്കും മുന്നണിക്കും ഒരേ അഭിപ്രായമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ശശിതരൂർ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനല്ലെന്നും, വിശ്വപൗരനെന്ന നിലയിൽ വികസന കാര്യങ്ങളിൽ സ്വതന്ത്ര അഭിപ്രായങ്ങൾ പറയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിൽവർ ലൈനിനെതിരെയുള്ള നിവേദനത്തിൽ ശശി തരൂർ എം പി ഒപ്പിടാത്തത് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ശശി തരൂരിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങൾ വിശദമായി അന്വേഷിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.