India Kerala

രാജ്യത്തെ ആദ്യ മിശ്രലിംഗ സ്ഥാനാര്‍ഥി എറണാകുളത്ത് മത്സരിക്കുന്നു

എറണാകുളം മണ്ഡലത്തില്‍ ജനവിധി തേടാന്‍ മിശ്രലിംഗ സ്ഥാനാര്‍ഥിയും. അങ്കമാലി മഞ്ഞപ്ര സ്വദേശിയായാണ് എറണാകുളം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്. രാജ്യത്തെ ആദ്യ മിശ്രലിംഗ സ്ഥാനാര്‍ഥിയാണ് ചിഞ്ചു അശ്വതി.

എറണാകുളം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് ചിഞ്ചു അശ്വതി ജനവിധി തേടുന്നത്. സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നിലവില്‍ വന്നിട്ടും മിശ്രലിംഗക്കാര്‍ കടുത്തവിവേചനമാണ് അനുഭവിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം നേരിടുന്നതിനേക്കാള്‍ കടുത്ത അവഗണനയാണ് മിശ്രലിംഗക്കാര്‍ അനുഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ സമൂഹത്തില്‍ തങ്ങളുടെ വ്യക്തിത്വം അടയാളപ്പെടുത്താനാണ് മത്സരത്തിനിറങ്ങുന്നതെന്ന് ചിഞ്ചു അശ്വതി വ്യക്തമാക്കി.

മുഖ്യധാര പാര്‍ട്ടികള്‍ ട്രാന്‍സ്‌ജെന്‍ഡറുകളെയും മിശ്രലിംഗക്കാരെയും അഭിസംബോധന ചെയ്യുമ്പോഴും അധികാര പങ്കാളിത്തത്തില്‍ നിന്ന് തങ്ങളെ അകറ്റി നിര്‍ത്തുകയാണ്. ഇതിനെതിരെ ദളിത്, ജെന്‍ഡര്‍ സ്വത്വം ഉയര്‍ത്തിക്കാട്ടിയാകും തെരഞ്ഞെടുപ്പ് പ്രചരണമെന്നും ചിഞ്ചു അശ്വതി വ്യക്തമാക്കി. 25 കാരനായ ചിഞ്ചു അശ്വതി മിശ്രലിംഗ വ്യക്തിയായിട്ടാണ് ജനിച്ചത്. 22 വയസ്സുവരെ പെണ്‍കുട്ടിയായി ജീവിച്ചു. ഇപ്പോള്‍ സ്വത്വം തിരിച്ചറിഞ്ഞ് പൂര്‍ണമായും മിശ്രലിംഗക്കാരനായി തുടരുകയാണ്.