India

ലഖിംപൂർ ഖേരി അക്രമത്തിൽ അജയ് മിശ്രയുടെ പങ്കന്വേഷിക്കണം: പ്രിയങ്ക ഗാന്ധി

കേന്ദ്ര ആഭ്യന്തര സഹമന്ത്രിസ്ഥാനത്ത് നിന്ന് അജയ് മിശ്രയെ നീക്കണമെന്ന് പ്രിയങ്ക ഗാന്ധി. ലഖിംപൂർ കർഷക കൂട്ടക്കൊല ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണെന്ന് എസ്ഐടി സമ്മതിച്ചു. പിന്നെ എന്തിനാണ് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹമന്ത്രിയെ സംരക്ഷിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.

കർഷകരെ കാറിടിച്ച് വീഴ്ത്തിയത് അശ്രദ്ധത കൊണ്ടല്ല. മറിച്ച് ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേസ് അന്വേഷിക്കുന്ന എസ്‌ഐടി തന്നെ പറയുന്നു. നാല് ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെ എട്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ പ്രധാന പ്രതികളിലൊരാൾ അജയ് മിശ്രയുടെ മകനാണ്. കേന്ദ്രമന്ത്രിയുടെ മകൻ ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇതെന്ന് കർഷകർ ആദ്യം മുതൽ പറയുന്നുണ്ടെന്നും പ്രിയങ്ക ആരോപിച്ചു.

അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് മരിച്ച കർഷകരുടെ കുടുംബങ്ങൾക്കൊപ്പം താനും ആവശ്യപ്പെട്ടിരുന്നതായി പ്രിയങ്ക ട്വിറ്ററിൽ പങ്കുവെച്ച പത്രക്കുറിപ്പിൽ പറഞ്ഞു. “ഇത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് കുടുംബങ്ങളും ദൃക്‌സാക്ഷികളും പറയുന്നു, എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സഹമന്ത്രി അജയ് മിശ്രയുമായി വേദി പങ്കിട്ടു. എന്നാൽ അജയ് മിശ്രയുടെ പങ്ക് അന്വേഷിക്കാത്തത് എന്തുകൊണ്ടാണ് ?”- പ്രിയങ്ക ചോദിച്ചു.