ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. തീര്‍ത്ഥാടകര്‍ക്കായി നാലിടത്തായി സ്‌നാനഘട്ടങ്ങളൊരുക്കി പമ്പാ സ്‌നാനം ആരംഭിച്ചു. ത്രിവേണി മുതല്‍ ആറാട്ട് കടവ് വരെ നാല് സ്ഥലങ്ങളിലാണ് പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിന് വേണ്ടി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
ഇന്ന് ട്രയല്‍ റണ്ണിന് ശേഷം നാളെ പുലര്‍ച്ചെ രണ്ടുമണി മുതല്‍ നീലിമല വഴിയുള്ള പരമ്പരാഗത പാതയിലൂടെ ഭക്തരെ കടത്തിവിടാന്‍ അനുമതിയായിട്ടുണ്ട്. പന്ത്രണ്ട് മണിക്കൂര്‍ വരെ സന്നിധാനത്തെ ദേവസ്വം മുറികളില്‍ ഭക്തര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ വിരിവയ്ക്കാന്‍ അനുമതി നല്‍കിയിട്ടില്ല. നെയ്യഭിഷേകത്തിന്റെ കാര്യത്തില്‍ നിലവിലെ സ്ഥിതി തുടരുമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
കൊവിഡ് സാഹചര്യം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ശബരിമലയിലെ തീര്‍ത്ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയത്. മഴയുണ്ടായാല്‍ പമ്പയിലെ ജലനിരപ്പ് വിലയിരുത്തി ജില്ലാ ഭരണകൂടം തീരുമാനമെടുക്കും. ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോടാവശ്യപ്പെട്ട ഇളവുകളില്‍ പ്രധാനമാണ് പമ്പാ സ്‌നാനം.