Football Sports

വീണ്ടും ഗോൾമഴ; ജംഷഡ്പൂരിനെ തകർത്ത് മുംബൈ സിറ്റി

ഐഎസ്എലിൽ ഗോൾമഴ തുടരുന്നു. ഇന്ന് ജംഷഡ്പൂർ എഫ്സിയും മുംബൈ സിറ്റി എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ 6 ഗോളുകളാണ് പിറന്നത്. മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് മുംബൈ സിറ്റി വിജയിച്ചു. ഗബ്രിയേൻ കസീനോ, ബിപിൻ സിംഗ്, ഇഗോർ അംഗൂളോ, ഇഗോർ കറ്റാറ്റു എന്നിവർ മുംബൈക്കായി ഗോൾ നേടിയപ്പോൾ കോമൾ തട്ടാൽ, എലി സാബിയ എന്നിവർ ജംഷഡ്പൂരിനായി വല ചലിപ്പിച്ചു.

പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരുടെ ജയം ആധികാരികമായിരുന്നു. മത്സരത്തിൻ്റെ മൂന്നാം മിനിട്ടിൽ കസീനോയിലൂടെ ആദ്യ വെടിപൊട്ടിച്ച മുംബൈ ആദ്യ പകുതിയിൽ പിന്നീട് രണ്ട് വട്ടം ടിപി രഹനേഷിനെ മറികടന്നു. ബിപിൻ സിംഗ് 17ആം മിനിട്ടിലും ഇഗോർ അംഗൂളോ 24ആം മിനിട്ടിലും സ്കോർ ചെയ്തപ്പോൾ മുംബൈ ആദ്യ പകുതിയിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിലായിരുന്നു, എന്നാൽ, രണ്ടാം പകുതിയിലെ രണ്ട് ഗോളുകൾ ജംഷഡ്പൂരിനെ മത്സരത്തിൽ തിരികെ എത്തിച്ചു. കോമൾ തട്ടാൽ (48ആം മിനിട്ട്), എലി സാബിയ (55ആം മിനിട്ട്) എന്നിവർ ജംഷഡ്പൂരിനായി ഗോൾവലയം ഭേദിച്ചു. എന്നാൽ, 70ആം മിനിട്ടിൽ കറ്റാറ്റു നേടിയ ഗോൾ മുംബൈയുടെ ജയവും ജംഷഡ്പൂരിൻ്റെ പരാജയവും ഉറപ്പിച്ചു.

5 മത്സരങ്ങളിൽ 4 ജയം സഹിതം 2 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് മുംബൈ സിറ്റി. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് രണ്ട് ജയം സഹിതം 8 പോയിൻ്റുള്ള ജംഷഡ്പൂർ രണ്ടാമതാണ്.