മത്സ്യബന്ധനത്തിനായി കടലിൽ പോകുന്ന നിരവധി കപ്പലുകൾ രാജ്യത്തുണ്ട്. എന്നാൽ മത്സ്യബന്ധനക്കപ്പലുകളിലെ ക്യാപ്റ്റൻ ദൗത്യത്തിൽ പേരിനുപോലും വനിതാ സാന്നിധ്യമില്ല. ഈ ചരിത്രം തിരുത്തുകയാണ് ആലപ്പുഴ എരമല്ലൂർ സ്വദേശിനി ഹരിത. മറൈൻ ഫിഷറീസ് റിസർച്ച് വെസലുകളിൽ നിയമിക്കപ്പെടാനുള്ള യോഗ്യത നേടിയ രാജ്യത്തെ തന്നെ ആദ്യ വനിതയാണ് ഹരിത.
സ്വകാര്യ മേഖലകളിലും സർകാർ മേഖലകളിലും മത്സ്യബന്ധന കപ്പലുകളിൽ ക്യാപ്റ്റനായി സ്ത്രീകളില്ല. സിഫ്നെറ്റിലാണ് ( സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ എഞ്ചിനീയറിംഗ് ട്രെയ്നിംഗ് കൊച്ചി) പഠനം പൂർത്തിയാക്കിയത്.
ക്യാപ്റ്റനാകുക എന്ന ഹരിതയുടെ സ്വപ്നത്തിന് വിത്ത് പാകുന്ന സംഭവം നടക്കുന്നത് 2012 ലാണ്. അന്ന് ഹരിത ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. ക്ലാസെടുക്കുന്നതിനിടെ അധ്യാപകൻ ഒരു ചോദ്യം ചോദിച്ചിട്ട് ‘ക്യാപ്റ്റൻ ഹരിത’ ഉത്തരം പറയൂ എന്ന് പറഞ്ഞു. അന്ന് മുഴുവൻ ഹരിതയുടെ ചിന്ത ഉടക്കിയത് ആ വിളിയിലായിരുന്നു. പേരിന്റെ കൂടെ ക്യാപ്റ്റൻ വേണമെന്ന് അന്ന് ഹരിത ഉറപ്പിച്ചു. ഒൻപത് വർഷങ്ങൾക്ക് മുൻപ് നടന്ന ഈ സംഭവമാണ് ഹരിതയെ ഇന്ന് ഈ അഭിമാന നേട്ടത്തിലേക്ക് നയിച്ചത്.
ബിഎഫ്എസ്ഇ നോട്ടിക്കൽ സയൻസ് എന്ന ബിരുദമാണ് ഹരിത നേടിയത്. ഇന്ത്യയിൽ സിഫ്നെറ്റിൽ മാത്രമാണ് ഈ നാല് വർഷ കോഴ്സ് നടത്തുന്നത്. എട്ട് മാസത്തോളം കപ്പലുകളിൽ ട്രെയ്നിംഗ് നടത്തും. ഇതിന് ശേഷം മെർക്കൻഡൈൽ മറൈൻ ഡിപ്പാർമെന്റ് നടത്തുന്ന പരീക്ഷ പാസാകണം. തുടർന്ന് 12 മാസത്തോളം ഓഫിസറായി ജോലി നോക്കിയിട്ടുണ്ട് ഹരിത. അതിന് ശേഷമാണ് സ്കിപ്പറിന്റെ പരീക്ഷ എഴുതുന്നത്. ഇന്ത്യൻ നേവിയിൽ ചേരാനായിരുന്നു ഹരിതയുടെ ആഗ്രഹമെങ്കിലും അത് പൂർത്തീകരിക്കാൻ സാധിച്ചില്ല.
നിലവിൽ ക്യാപ്റ്റനാകാനുള്ള പരീക്ഷകളെല്ലാം പൂർത്തിയാക്കി യോഗ്യതകളെല്ലാം സ്വന്തമാക്കി ഈ ആലപ്പുഴക്കാരി. ഇനി യൂണിഫോം ധരിച്ച് ക്യാപ്റ്റന്റെ തൊപ്പി അണിഞ്ഞ് തന്റെ സ്വപ്നം യാഥാർത്ഥ്യമാകാനുള്ള കാത്തിരിപ്പിലാണ് ഹരിത.