പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ മോശം റോഡുകളെ വിമർശിച്ച് നടൻ ജയസൂര്യ. മോശം റോഡുകളിൽ വീണ് മരിക്കുന്നവർക്ക് ആര് സമാധാനം പറയുമെന്ന് ജയസൂര്യ ചോദിച്ചു. ( jayasurya criticise kerala roads )
നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണമെന്നും, മഴക്കലാത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ‘ചിറാപുഞ്ചിയിൽ’ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു. മഴയാണ് റോഡ് അറ്റകുറ്റപണി യുടെ തടസം എന്ന വാദം ജനങ്ങൾ അറിയേണ്ട കാര്യം ഇല്ലെന്ന് ജയസൂര്യ വിമർശിച്ചു. അതേസമയം, സർക്കാരിന്റെ ഇപ്പോഴത്തെ ശ്രമം അഭിനന്ദനാർഹമാണെന്നും ജയസൂര്യ പറഞ്ഞു. നല്ല റോഡുകൾ ഇനി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നടൻ കൂട്ടിച്ചേർത്തു. ടോളുകൾക്ക് നിശ്ചിത കാലാവധി വയ്ക്കണമെന്നും താരം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ റോഡുകൾ മഴയത്ത് തകരുന്നത് ഒഴിവാക്കാൻ റോഡ് നിർമ്മാണത്തിൽ ആധുനിക സാങ്കേതിക വിദ്യ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിന്റേയും കിഫ്ബിയുടേയും റോഡ് നിർമ്മാണത്തിലാണ് നിലവിലുള്ളവയ്ക്ക് പകരമായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുക. ഉപദേശ സമിതി ശുപാർശ ചെയ്ത ആറ് സാങ്കേതിക വിദ്യകളും പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.