India

സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം മണിക്കൂറുകൾക്കകം; കർഷകസമരത്തിന്റെ ഭാവി ഇന്നറിയാം

ഡൽഹി അതിർത്തികളിൽ തുടരുന്ന കർഷകസമരത്തിന്റെ ഭാവി ഇന്നറിയാം. സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് സിംഘുവിൽ ചേരും. കാർഷിക നിയമങ്ങൾ റദ്ദാക്കിയതിനാൽ സമരരീതി മാറ്റണമെന്നാണ് പഞ്ചാബിലെ ഒരു വിഭാഗം കർഷകസംഘടനകളുടെ അഭിപ്രായം. (samyukt kisan morcha meeting)

മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ്, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങി ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷക സംഘടനകൾ. സമരത്തിനിടെ മരിച്ചവരുടെ കണക്ക് ഇല്ലെന്ന് കേന്ദ്രസർക്കാർ പ്രതികരണത്തിലും, ആറിന ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് അയച്ച കത്തിന് മറുപടി ലഭിക്കാത്തതിലും കർഷക സംഘടനകൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്. താങ്ങുവില സംബന്ധിച്ച ഉന്നത സമിതിയിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യാനുളള കേന്ദ്ര സർക്കാർ ആവശ്യവും യോഗൻ ചർച്ച ചെയ്യും.

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. കർഷക സമരത്തിനിടെ മരിച്ചവരുടെ എണ്ണം സർക്കാരിന്റെ കയ്യിൽ ഇല്ലെന്ന് രാഹുൽ പറഞ്ഞു. രാജ്യത്തെ കൊവിഡ് മരണങ്ങളുടെ കണക്കും കേന്ദ്രത്തിന് അറിയില്ല. കൊവിഡ് മരണങ്ങളിൽ ഒളിച്ച് കളിച്ച സർക്കാർ കർഷകരുടെ കാര്യത്തിലും ഇതേ നിലപട് തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മരിച്ച കർഷകരുടെ കണക്ക് അറിയില്ലെന്ന കേന്ദ്ര കൃഷിമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. കർഷക സമരത്തിനിടെ മരിച്ചവരുമായി ബന്ധപ്പെട്ട് കേന്ദ്രം കള്ളം പറയുകയാണ്. മരിച്ച കർഷകർക്ക് കേന്ദ്രം നഷ്ടപരിഹാരം നൽകണം. പ്രധാനമന്ത്രിയുടെ തെറ്റായ തീരുമാനത്തിലൂടെ 700 കർഷകർക്കാണ് ജീവൻ നഷ്ടമായതെന്നും രാഹുൽ ആരോപിച്ചു.

മരിച്ച കർഷകരുടെ പേരുവിവരങ്ങൾ രാഹുൽ പുറത്തുവിട്ടു. മരിച്ച കർഷകരിൽ 403 പേരുടെ കുടുംബങ്ങൾക്ക് പഞ്ചാബ് സർക്കാർ അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നൽകി. 152 പേരുടെ കുടുംബങ്ങൾക്ക് ജോലിയും നൽകി. മറ്റു സംസ്ഥാനങ്ങളിൽ നിന്നായി 100 കർഷരുടെ പേരുവിവരങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ, അങ്ങനെയൊരു പട്ടിക തന്നെയില്ലെന്നാണ് സർക്കാർ പറയുന്നതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.