India National Uncategorized

ഇന്ത്യന്‍ സൈന്യം മോദിയുടെ സേനയെന്ന പരാമര്‍ശം; യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

ഇന്ത്യന്‍ സൈന്യം മോദിയുടെ സേനയാണെന്ന വിവാദ പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഏപ്രില്‍ അഞ്ചിനുള്ളില്‍ വിശീദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ഭീകരര്‍ക്ക് ബിരിയാണി വിളമ്പിയപ്പോള്‍ മോദിയുടെ സേന ബുള്ളറ്റുകളും ബോംബുകളുമാണ് നല്‍കിയതെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ പരാമര്‍ശം. ഇന്ത്യന്‍ സൈന്യത്തെ മോദിയുടെ സേനയെന്ന വിശേഷിപ്പിച്ചത് സൈന്യത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റിനോട് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് തേടി. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. ഏപ്രില്‍ അഞ്ചിനുള്ളില്‍ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങിന്‍റെ പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കണ്ടെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.