ഇന്ന് ലോക എയ്ഡ്സ് ദിനം. 1988 മുതലാണ് ലോകാരോഗ്യ സംഘടന ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിച്ചു തുടങ്ങിയത്. അസമത്വങ്ങൾ അവസാനിപ്പിക്കുക. എയ്ഡ്സ് അവസാനിപ്പിക്കുക’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ( today world aids day )
1982 ജൂൺ….ക്രമേണ തൂക്കം കുറയുകയും പേശീവേദന അനുഭവപ്പെടുകയും ചെയ്ത ഏതാനും യുവാക്കൾ അമേരിക്കയിലെ കാലിഫോർണിയയിൽ ചികിത്സ തേടിയെത്തി. ആശുപത്രി അധികൃതർ നടത്തിയ തുടരന്വേഷണത്തിൽ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഇതേ രോഗത്തെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ. കോംഗോയിൽ അജ്ഞാത രോഗത്താൽ മരിച്ചയാളുടെ രക്തം പരിശോധിച്ചപ്പോൾ ചിത്രം വ്യക്തമായി. മനുഷ്യരാശി മറ്റൊരു മാരക രോഗം കൂടി തിരിച്ചറിഞ്ഞു. സെപ്തംബറിൽ അമേരിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ രോഗത്തിന് അക്വയേർഡ് ഇമ്യൂണോ ഡെഫിഷ്യൻസി സ്ൻഡ്രോം അഥവാ എയ്ഡ്സ് എന്ന് പേര് നൽകി.
ശരീരത്തിന്റെ പ്രതിരോധ ശേഷിയെ കാർന്നു തിന്നുന്ന എയ്ഡ്സ്, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും രോഗം ബാധിച്ച ആളുകളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും, ഗർഭാവസ്ഥയിൽ അമ്മയിൽ നിന്നു കുഞ്ഞിലേക്കും പടരുമെന്നും ലോകം തിരിച്ചറിഞ്ഞു.
കഴിഞ്ഞ നാലു പതിറ്റാണ്ടായി ലോകം എയ്ഡ്സുമായുള്ള പോരാട്ടത്തിലാണ്. പൂർണമായും കീഴടക്കാനായില്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗവ്യാപനം തടയുന്നതിൽ കാര്യമായി പുരോഗതി നേടി. ഇടയ്ക്കെത്തിയ കൊവിഡ് മഹാമാരി എയ്ഡ്സ് പ്രതിരോധത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകത്താകെ മൂന്ന് കോടി 77 ലക്ഷം എയ്ഡ്സ് രോഗികളുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്.
മനുഷ്യർക്കിടയിലെ അസമത്വങ്ങളാണ് എയ്ഡ്സിനെ പ്രതിരോധിക്കുന്നതിലെ പ്രധാന തടസ്സമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.