സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പറയുന്നു. കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെൽലോ അലേർട്ട്.
തെക്കൻ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശമാണ് അതിൽ തിരുവനന്തപുരവും ആലപ്പുഴയും മഴക്കെടുതിയിലാണ്.തിരുവനന്തപുരം ജില്ലയിലെ മലയോര, ഗ്രാമീണ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം. അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. വിതുര, നെടുമങ്ങാട്, പാലോട്,ആറ്റിങ്ങൽ, ആര്യനാട് എന്നിവിടങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്.
ആലപ്പുഴയിൽ കനത്ത മഴയെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. വലിയമരം, ചാത്തനാട് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ആലപ്പുഴ നഗരത്തിലാണ് മഴക്കെടുതി കാര്യമായി ബാധിച്ചിരിക്കുന്നത്. ഇന്നലെ രാത്രി മുതൽ തുടങ്ങിയ മഴ പുലർച്ചെ വരെ നീണ്ടുനിന്നു. ഇപ്പോൾ മഴയ്ക്ക് ശമനമുണ്ടെങ്കിലും അന്തരീക്ഷം മേഖാവൃതമാണ്. ജില്ലയുടെ വിവിധ ഇടങ്ങളിൽ മഴ തുടരുകയും ചെയ്യുന്നുണ്ട്.
നഗരത്തിൽ കൂടുതലും പെയ്ത്തുവെള്ളമാണ് കയറിയത്. മഴ മാറിനിന്നാൽ വെള്ളം ഇറങ്ങിയേക്കും. അപ്പർ കുട്ടനാട്ടിലും നിരവധി വീടുകളിൽ വെള്ളം കയറി. മഴ തുടരുന്ന സാഹചര്യമുണ്ടായാൽ നഗര പ്രദേശങ്ങൾ പൂർണമായും വെള്ളക്കെട്ടിലാവും.