India

പാര്‍ലമെന്റിലേക്കുള്ള ട്രാക്ടര്‍ മാര്‍ച്ച് മാറ്റി; സമരം തുടരുമെന്ന് കര്‍ഷകര്‍

ഈ മാസം 29ന് പാര്‍ലമെന്റിലേക്കുള്ള കര്‍ഷരുടെ ട്രാക്ടര്‍ മാര്‍ച്ച് മാറ്റി. സിംഗുവില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് തീരുമാനം. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് കൊണ്ടാണ് സമരം മാറ്റിയതെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ നേതാവ് പി കൃഷ്ണപ്രസാദ് പറഞ്ഞു.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അടുത്ത യോഗം ഡിസംബര്‍ നാലിന് ചേരും. ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരം തുടരുമെന്നും പി കൃഷ്ണപ്രസാദ് പറഞ്ഞു. ഡിസംബര്‍ നാലിനുള്ളില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം നാളെ മുംബൈയില്‍ നിശ്ചയിച്ചിരിക്കുന്ന മഹാപഞ്ചായത്തുമായി മുന്നോട്ടുപോകുമെന്നും ആറ് ആവശ്യങ്ങള്‍ ഉയര്‍ത്തി പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്നും പി കൃഷ്ണപ്രസാദ് അറിയിച്ചു.

അതിനിടെ മിനിമം താങ്ങുവിലയ്ക്കായുള്ള നിയമം ഉടനുണ്ടാകില്ലെന്ന് സൂചന നല്‍കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ രംഗത്തെത്തി. താങ്ങുവില ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കായി സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും സമിതിയില്‍ കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് തിങ്കളാഴ്ച തന്നെ ലോക്‌സഭയില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ചാണ് ബില്ല് കൊണ്ടുവന്നത്. സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ കൃഷിമന്ത്രി ബില്‍ അവതരിപ്പിക്കും. കൃഷി അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കില്ലെന്നും കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് മടങ്ങണമെന്നും കൃഷിമന്ത്രി പറഞ്ഞു.