തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ് വെന്റിലേറ്ററില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. തലച്ചോര്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ് . അണുബാധയില്ലാത്തതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്താമെന്ന പ്രതീക്ഷ മാത്രമാണ് നിലവിലുളളത്.
നിയമപരമായ പ്രശ്നങ്ങളുള്ളതിനാല്‍ മസ്തിഷ്ക മരണം സ്ഥിരീകരിക്കാനാവശ്യമായ പരിശോധനകള്‍ നടത്താന്‍ കഴിയില്ല. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച നിലയില്‍ 7 ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. വെന്റിലേറ്റര്‍ സഹായമില്ലാതെ ആ ഇളം ശരീരത്തില്‍ ഹൃദയമിടിപ്പുകള്‍ പോലും അസാധ്യം. അത്ഭുതങ്ങള്‍ സംഭവിച്ചേക്കാമെന്ന പ്രതീക്ഷകള്‍ അസ്തമിക്കുകയാണെന്ന് ഡോക്ടര്‍മാര്‍.
മരുന്നുകളുടെ സഹായത്തോടെ രക്തസമ്മർദ്ദം നിലനിർത്താനാകുന്നുണ്ട്. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരം നല്കാന് കഴിയുന്നുണ്ട്. മെഡിക്കൽ ബോർഡിന്റെ ശിപാർശ പ്രകാരമുള്ള ചികിത്സ തുടരും. എത്ര ദിവസം ഇങ്ങനെ വെന്റിലേറ്ററില്‍ തുടരണമെന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടത്.