Kerala

തലശ്ശേരി ഫസൽ വധക്കേസ്; ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സിബിഐ

തലശ്ശേരി ഫസൽ വധക്കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സിബിഐ. ഡിവൈഎസ്പിമാരായ പിപി സദാനന്ദൻ, പ്രിൻസ് എബ്രഹാം എന്നിവർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. സിഐ കെപി സുരേഷ് ബാബുവിനെതിരെയും നടപടി എടുക്കണമെന്നും നിർദേശമുണ്ട്. ഫസൽ കേസിലെ തുടരന്വേഷണ റിപ്പോർട്ടിലാണ് ആവശ്യം.

ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സുബീഷിന്റെ മൊഴിയിലൂടെ സ്ഥാപിക്കാൻ ഡിവൈഎസ്പിമാരായ പിപി സദാനന്ദൻ, പ്രിൻസ് എബ്രഹാം, സിഐ കെപി സുരേഷ് ബാബു എന്നിവർ ശ്രമിച്ചു. വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ സുബീഷിനെ കസ്റ്റഡിയിലെടുത്ത് അന്യായമായി തടങ്കലിൽവെച്ച് മൊഴി രേഖപ്പെടുത്തുകയായിരുന്നു. ഇതിൽ പൊലീസ് രേഖപ്പെടുത്തിയ മൊഴിയും ഫസൽ വധക്കേസിലെ സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ല എന്നും സിബിഐ വ്യക്തമാക്കുന്നു. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുന്ന റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും കോടതിയെ സിബിഐ അറിയിച്ചിട്ടുണ്ട്.

അതേസമയം, സുബീഷിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുൻപ് തന്നെ സിപിഐഎം അനുകൂല സാമൂഹിക മാധ്യമങ്ങളിൽ കൊലപാതകത്തിന് പിന്നിൽ സുബീഷാണ് എന്ന പ്രചാരണമുണ്ടായിരുന്നു. ഇതിന് ശേഷമാണ് വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ സുബീഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കേസിൽ പുതിയ തെളിവുകളില്ലെന്നും നിലവിലുള്ളവർ തന്നെയാണ് പ്രതികളെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് സിബിഐ തുടരന്വേഷണം നടത്തിയത്.