Kerala

മഴ കുറഞ്ഞു; വെള്ളക്കെട്ട് ഒഴിയാതെ ദുരിതത്തില്‍ കുട്ടനാട്

കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുന്നു. മഴ ശമിച്ചെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് ഭൂരിഭാഗം മേഖലകളും വെള്ളത്തിനടിയിലാക്കി. എടത്വ, വീയപുരം, ഹരിപ്പാട് റോഡിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കെസ്ആര്‍ടിസിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. എസി റോഡുവഴി ആലപ്പുഴയിലേക്കുള്ള ഗതാഗതവും താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ.്

ആലപ്പുഴ ജില്ലയില്‍ 46 ദുരിതാശ്വാസ ക്യാംപുകളിലായി 1434 പേരാണ് നിലവിലുള്ളത്. അപ്പര്‍ കുട്ടനാട്ടിലാണ് കൂടുതല്‍ ക്യാംപുകളുള്ളത്. കിഴക്കന്‍ മലയോരങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കുട്ടനാട്ടിലെത്തുമ്പോഴാണ് വെള്ളപ്പൊക്കം രൂക്ഷമാകുന്നത്. തോട്ടപ്പള്ളി സ്പില്‍വേ വഴിയും തണ്ണീര്‍മുക്കം ബണ്ട് വഴിയുമുള്ള നീരൊഴുക്ക് ശക്തമായിട്ടുണ്ട്. തോട്ടപ്പള്ളി സ്പില്‍വേയുടെ 40 ഷട്ടറുകളില്‍ 39 എണ്ണവും തുറന്നിട്ടുണ്ട്. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകളും തുറന്നിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമായേക്കും. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെയോടെ സംസ്ഥാനത്തെ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് പ്രവചനം.