മുല്ലപ്പെരിയാർ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാർ ഡാമിലെ നിലവിലെ ജലനിരപ്പ് 140. 35 അടിയാണ്. സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 2,300 ഘനയടി വെള്ളമാണ്. തമിഴ്‌നാട് 2,300ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. ഷട്ടർ തുറന്നിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. 2,399.10 അടിയാണ് നിലവിലെ ജലനിരപ്പ്. ഒരു ഷട്ടർ 40 സെ.മി ഉയർത്തി 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ( kerala dam water level rises )
പത്തനംതിട്ടയിൽ പുലർച്ചെ മുതൽ ശക്തമായ മഴയാണ്. വെള്ളപ്പൊക്കത്തിൽ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. പത്തനംതിട്ട പന്തളം പാതയിൽ ഗതാഗത തടസമുണ്ട്. കക്കി ഡാമിൽ സംഭരണശേഷിയുടെ 95 ശതമാനത്തിലധികം വെള്ളമാണ് ഇപ്പോൾ ഉള്ളത്. പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 157 ക്യുമെക്‌സായി ഉയർത്തിയിട്ടുണ്ട്. പമ്പ ഡാമിൽ നീല അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി.മ
ധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും.മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം.എറണാകുളം ഇടുക്കി തൃശൂർ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നാളെ എട്ട് ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്.ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
സംസ്ഥാനത്ത് തുടരുന്ന മൂന്ന് എൻഡിആർഎഫ് സംഘങ്ങൾക്ക് പുറമെ ഇന്ന് നാല് ടീമുകൾ കൂടെയെത്തും.കേരള തീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യത. കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. ബുധനാഴ്ച്ചയോടെമധ്യ കിഴക്കൻ അറബികടലിൽ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയെന്നും പ്രവചനം.
കേന്ദ്ര കാലാവസ്ഥ നിരിക്ഷണ കേന്ദ്രം ദക്ഷിണേന്ത്യയിൽ കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിന് പിന്നാലെ 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കുടി മഴ കനക്കും എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിനൊപ്പം തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്, ഗോവ സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴപെയ്യും എന്നാണ് മുന്നറിയിപ്പ്. മഹാരാഷ്ട്രയിലും ആൻഡമാൻ ദ്വീപുകളിലും കനത്ത മഴയ്ക്ക് സാധ്യത എന്നും മുന്നറിയിപ്പുണ്ട്.
തമിഴ്‌നാട് കന്യാകുമാരി ജില്ലയിൽ രൂക്ഷമായ പ്രളയം തുടരുകയാണ്. നാല് ദിവസമായി തുടരുന്ന കനത്ത മഴയും പെരുഞ്ചാ നി, പുത്തൻ അണക്കെട്ടുകൾ തുറന്നതുമാണ് ജില്ലയിലെ പ്രളയത്തിന് കാരണം. 12000 ക്യുസെക്‌സ് വെള്ളമാണ് ഇരു ഡാമുകളിൽ നിന്നും നിന്നും പുറത്തേയ്ക്ക് ഒഴുക്കുന്നത്. ഡാമുകളുടെ കനാൽ പ്രദേശങ്ങളിൽ താമസിക്കുന്ന മുഴുവൻ ആളുകളെയും മാറ്റി പാർപ്പിച്ചു. 65 ദുരിതാശ്വാസ ക്യാംപുകളിലായി 3150 പേരാണ് നിലവിൽ കഴിയുന്നത്. ഹെക്ടർ കണക്കിന് പ്രദേശത്തെ കാർഷിക വിളകൾ നശിച്ചു. വെള്ളം കയറിയതും മണ്ണിടിച്ചിലും കാരണം നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ചെന്നൈയിൽ വെള്ളക്കെട്ട് പൂർണമായും പരിഹരിക്കാൻ ഇനിയും സാധിച്ചിട്ടില്ല. കൊളത്തൂർ, മണലി , മുടിച്ചൂർ തുടങ്ങിയ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്.