തിരുവനന്തപുരം വാമനപുരം മേലാറ്റൂമൂഴിയിൽ നേരിയ ഉരുൾപൊട്ടൽ. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാമനപുരം പുഴയിൽ ജനിരപ്പ് ഉയർന്നു. വിതുര, പൊന്മുടി, നെടുമങ്ങാട് മേഖലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മഴക്കെടുതി നേരിടാൻ തിരുവനന്തപുരത്ത് കൺട്രോൾ റൂം സജ്ജമാക്കി. എല്ലാ മുൻകരുതലുകളും സ്വീകരിച്ചെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
ഇതിനിടെ തിരുവനന്തപുരം മാമ്പഴക്കരയിൽ മണ്ണിടിഞ്ഞ് വീണ് ഫാമിലെ 25 ആടുകൾ ചത്തു. മാമ്പഴക്കര സ്വദേശി രാജന്റെ ഉടമസ്ഥതയിലുള്ള ഫാമിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലയോര മേഖലയിൽ മണ്ണിടിഞ്ഞും വെള്ളം കയറിയും ജനജീവിതം ദുസ്സഹമായി. പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും ആറുട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.
വിഴിഞ്ഞത്ത് ശക്തമായ മഴയ്ക്കൊപ്പം കടല്‍ക്ഷോഭവും രൂക്ഷമാണ്. വീടുകള്‍ക്കും മത്സ്യത്തൊഴിലാളുകളുടെ വളളങ്ങള്‍ക്കും യാനങ്ങള്‍ക്കും കടകള്‍ക്കും ഏകദേശം അന്‍പത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ദുരിത ബാധിത പ്രദേശങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു.