Uncategorized

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണം; പ്രതിപക്ഷ തൊഴിലാളി സംഘടന ടിഡിഎഫ് പണിമുടക്കിലേക്ക്

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിലേക്ക്. തിങ്കളാഴ്ച മുതല്‍ ചീഫ് ഓഫസിന് മുന്നിലാണ് സത്യാഗ്രഹം നടത്തുക. ശമ്പളപരിഷ്‌കരണം വേഗത്തില്‍ നടപ്പിലാക്കണമെന്നും കെ സ്വിഫ്റ്റ് ഉപേക്ഷിക്കണമെന്നുമാണ് ടിഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

കഴിഞ്ഞയാഴ്ച നടത്തിയ ദ്വിദിന പണിമുടക്കില്‍ ടിഡിഎഫും പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ മുന്നറിയിപ്പുനല്‍കിയിരുന്നു.

രണ്ട് ദിവസത്തെ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 9.4കോടി രൂപയാണ് നഷ്ടമുണ്ടായത്. ജീവനക്കാര്‍ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടരുമെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. ഡയസ്നോണിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചിരുന്നു.

ആദ്യദിവസം മാത്രം കെഎസ്ആര്‍ടിസിക്കുണ്ടായത് ഏകദേശ വരുമാന നഷ്ടം ഒന്നരക്കോടി രൂപയാണ്. 4,42,63,043 രൂപയാണ് ഈ മാസം നാലാം തീയതിയിലെ വരുമാനം. 3,307 സര്‍വീസുകളിലായി 10.27 ലക്ഷം കിലോമീറ്ററാണ് ഈ ദിവസം ഓപ്പറേറ്റ് ചെയ്തത്. ഇന്ധനത്തിനായി ഒരു ദിവസം വേണ്ടിവരുന്നത് 2.8 കോടിയാണ്. അതേസമയം ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസിക്കു വേണ്ടത് 2.8 കോടി രൂപയാണ്.