അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്ന കാര്യത്തിൽ പാകിസ്താന്റെ പാത പിന്തുടർന്ന് ചൈനയും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കാനാവില്ലെന്ന നിലപാട് ചൈനയും സ്വീകരിച്ചു. അതേസമയം മേഖലാ സുരക്ഷാ യോഗം മുൻ നിശ്ചയിച്ചപ്രകാരം നാളെ തന്നെ തുടങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കി.
അഫ്ഗാനെ സംബന്ധിച്ച മേഖലാ സുരക്ഷാ യോഗം നാളെയാണ് ഡൽഹിയിൽ ആരംഭിക്കുന്നത്. 2018 സെപ്റ്റംബർ ആരംഭിച്ച ചർച്ച 2019 നവംബറിലും ഇറാനിൽ വെച്ച് നടന്നു. കൊവിഡ് മൂലം 2020ൽ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ചർച്ച മാറ്റിവെച്ചു. ഈ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. യോഗത്തിൽ പാകിസ്താനും ചൈനയും റഷ്യയും ഇറാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആണ് പങ്കെടുക്കേണ്ടത്.
അഫ്ഗാനിലെ പുതിയ സാഹചര്യവും അതിൻറെ പ്രത്യാഘാതങ്ങളുമടക്കം യോഗം വിലയിരുത്തും. അഫ്ഗാനിലെ താലിബാനെ നിയന്ത്രിക്കുന്നതും മേഖലയിൽ അസ്വസ്ഥത ഉണ്ടാക്കുന്നതിനും കൂട്ടു നിൽക്കുന്നതും പാകിസ്താൻ ആണെന്ന് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾ യോഗത്തിൽ വിമർശനം ഉന്നയിക്കും. ഇത് മുന്നിൽകണ്ട് യോഗത്തിൽ നിന്ന് പാകിസ്താൻ കഴിഞ്ഞദിവസം പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെയും തീരുമാനം.