സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ചുകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കത്തയച്ച് ഫെഫ്ക. പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.
സിനിമ പ്രവകര്‍ത്തകന്‍ ഒറ്റപ്പെടരുതെന്ന് കരുതിയാണ് വിഷയത്തില്‍ ഇടപെട്ടത്. കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വം ജോജു ജോര്‍ജുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച അട്ടിമറിച്ചത് താനല്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് കത്തില്‍ പരാമര്‍ശിച്ചു.
ഞായറാഴ്ച കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്നാരോപിച്ച് സിനിമാ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. നടന് ജോജു ജോര്‍ജിനെതിരെ പ്രവര്‍ത്തകരുടെ മുദ്രാവാക്യവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. എറണാകുളത്ത് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധവും ജോജു ജോര്‍ജിന്റെ ഇടപെടലും തുടര്‍ന്നുണ്ടായ സംഘര്‍ഷവുമാണ് പുതിയ പ്രതിഷേധങ്ങള്ക്കുകാരണം.
അതേസമയം ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് കീഴടങ്ങും.