മഹാബലിപുരത്തെ പെരുമാൾ ക്ഷേത്രത്തിൽ താഴ്ന്ന ജാതിക്കാരിയെന്ന് പറഞ്ഞ് അന്നദാനത്തിൽ നിന്ന് ഇറക്കിവിട്ട യുവതിയുടെ വീട്ടിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. യുവതിയെ അന്നദാനത്തിൽനിന്ന് ഇറക്കി വിട്ട പ്രശ്‌നം ശ്രദ്ധയിൽപ്പെട്ട് ദിവസങ്ങൾക്കകമാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. രണ്ടാഴ്ച മുമ്പ് മഹാബലിപുരത്തെ പെരുമാൾ ക്ഷേത്രത്തിൽ അന്നദാനത്തിന് പോയപ്പോഴാണ് അശ്വനിയേയും കൈകുഞ്ഞിനേയും ഇറക്കിവിട്ടത്. ഇതിൽപ്രതിഷേധിച്ചുള്ള അശ്വനിയുടെ വീഡിയോ പുറത്തുവന്നതോടെ സംഭവം ഏറെ വിവാദമായി. (MK Stalin)
അശ്വനിയുടെ പ്രതിഷേധ ദൃശ്യങ്ങൾ ശ്രദ്ധിച്ച ദേവസ്വം മന്ത്രി പികെ ശേഖർ ബാബു ക്ഷേത്രത്തിലെത്തി അശ്വനിയേയും സമുദായ അംഗങ്ങളേയും കൂട്ടി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയും ഊരിലേക്ക് നേരിട്ടെത്തിയത്.
മുഖ്യമന്ത്രി സ്റ്റാലിൻ പ്രദേശത്ത് എത്തി 4.53 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചാണ് മടങ്ങിയത്. 81 കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി, 21 പേർക്ക് തിരിച്ചറിയിൽ കാർഡ്, ഇരുള വിഭാഗത്തിലെ 88 പേർക്ക് ജാതി സർട്ടിഫിക്കറ്റ്, വീട്, സ്‌കൂളിൽ ക്ലാസ് ക്ലാസ് മുറികൾ, അംഗനവാടി എന്നിവ നിർമ്മിക്കാനുള്ള തുക എന്നിവയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.