സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. നികുതി കുറച്ചില്ലെങ്കില്‍ പ്രഖ്യാപിത സമരങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.
‘പെട്രോള്‍-ഡീസല്‍ വില വര്‍ധനവില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. വൈകിയെങ്കിലും ഇത്തരമൊരു തീരുമാനമെടുത്തതിന് നന്ദിയുണ്ട്. പക്ഷേ കേരളം കൂടി ഇന്ധനനികുതി കുറച്ചാലേ കാര്യമുള്ളൂ. കേന്ദ്രം കുറച്ചിട്ടും സംസ്ഥാനം നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്കുനീങ്ങും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍പ് ചെയ്ത മാതൃക പിണറായി സര്‍ക്കാരും കാണിക്കണമെന്നാണ് പറയാനുള്ളത്’.
കേന്ദ്രം നികുതി കുറച്ചിട്ടും കേരളം കുറയ്ക്കാതിരുന്നാല്‍ സ്ഥിതി വഷളാവും. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ജനവികാരം മനസിലാക്കാത്ത സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനാണ് തീരുമാനം. സര്‍ക്കാരിന്റെ ധിക്കാരത്തിന് മറുപടി നല്‍കുമെന്നും കെ സുധാകരന് വ്യക്തമാക്കി. അതേസമയം ഇന്ധനവില വിഷയത്തില്‍ കേരളത്തിന്റെ നിലപാട് കെപിസിസി പ്രസിഡന്റ് രാഷ്ട്രീയമായി കാണരുതെന്നും സാമൂഹ്യ ക്ഷേമ പെന്ഷന് അടക്കം റദ്ദാക്കണമെന്നാണോ കെപിസിസി പ്രസിഡന്റ് പറയുന്നതെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ ചോദിച്ചു. സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്. കേന്ദ്രനികുതി കുറച്ചതിന് ആനുപാതികമായ കുറവ് സംസ്ഥാനത്തുണ്ടായെന്നും നികുതി കുറയ്ക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇന്ധനവില കുറച്ചു. ഉത്തരാഖണ്ഡില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറച്ചു. കര്‍ണാടക, അസം, ഗോവ, ഗുജറാത്ത്, മണിക്കൂര്‍, സിക്കിം സംസ്ഥാനങ്ങളിലും പെട്രോള്‍-ഡീസല്‍, വില 7 രൂപ കുറച്ചു. ത്രിപുരയില്‍ പെട്രോളിന് 12 രൂപയും ഡീസലിന് 17 രൂപയും കുറച്ചു. ഉത്തര്‍പ്രദേശിലും ഹരിയാനയിലും 12 രൂപ വീതമാണ് ഇന്ധനവില കുറച്ചത്.