Kerala

ഇടതുബന്ധം അവസാനിപ്പിച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍; മടക്കം 20 വര്‍ഷത്തിനുശേഷം

20 വര്‍ഷത്തിനുശേഷം ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങി. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുമായുള്ള കൂടുക്കാഴ്ചയ്ക്കുശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വരുന്നതില്‍ സന്തോഷമെന്ന് എ കെ ആന്റണി പ്രതികരിച്ചു.

ചെറിയാന്‍ ഫിലിപ്പിന്റെ വാക്കുകള്‍:
’45 വര്‍ഷക്കാലമാണ് ഒരു രാഷ്ട്രീയ ജീവിയെന്ന നിലയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചത്. കെഎസ്‌യുവിലും യൂത്ത് കോണ്‍ഗ്രസിലും ചോരയും നീരുമൊഴുക്കി. കൊടിയ മര്‍ദ്ദനങ്ങള്‍ക്കും ഇരയായി. എന്റെ അധ്വാനത്തിന്റെ മൂലധനം മുഴുവന്‍ കോണ്‍ഗ്രസിലാണ്. അതുകൊണ്ടുതന്നെ എനിക്കെന്റെ തറവാട്ടിലേക്ക് തിരികെയെത്താം.

ഞാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നപ്പോള്‍ കോണ്‍ഗ്രസില്‍ അധികാര കുത്തകകള്‍ ഉയര്‍ന്നുവന്നു. സ്ഥിരമായി അധികാരത്തില്‍ ഒരേ ആളുകള്‍.. അത് പാടില്ലെന്നാണ് ഞാന്‍ പറഞ്ഞത്. ഇതെല്ലാം കാരണമാണ് ഞാന്‍ പാര്‍ട്ടി വിട്ടത്. അന്ന് ഞാന്‍ പറഞ്ഞ, അധികാര കുത്തകകളെല്ലാം അവസാനിപ്പിക്കണമെന്ന സന്ദേശം ഇന്ന് കോണ്‍ഗ്രസ് നടപ്പിലാക്കുകയാണ്. അതുകൊണ്ടാണ് എന്റെ തിരിച്ചുവരവ്. പാര്‍ലമെന്റ് മുഖത്തും സംഘടനാ മുഖത്തും സ്ഥിരംമുഖങ്ങള്‍ മാറി പുതിയ നേതൃത്വം വന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ പറഞ്ഞതെല്ലാം പണ്ട് കോണ്‍ഗ്രസ് നടപ്പാക്കിയിരുന്നെങ്കില്‍ ഇന്നിങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. അതെല്ലാം ചരിത്രം തെളിയിച്ചു’.

കോണ്‍ഗ്രസിലൂടെ ഇന്ത്യയെ ശക്തിപ്പെടുത്തുകയാണ് തിരിച്ചുവരവിന്റെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്ത്യ മരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

അതേസമയം ചെറിയാന്‍ ഫിലിപ്പിന്റെ പദവിയെ കുറിച്ച് പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് എകെ ആന്റണി വ്യക്തമാക്കി. രണ്ട് പതിറ്റാണ്ടുകാലം ഒപ്പം നിന്നിട്ടും ചെറിയാന്‍ ഫിലിപ്പ് സിപിഐഎം അംഗത്വമെടുത്തില്ലെന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവ് പാര്‍ട്ടിക്കും അണികള്‍ക്കും കൂടുതല്‍ ആവേശം പകരുമെന്നും എ കെ ആന്റണി പറഞ്ഞു.

കുറച്ചു ദിവസങ്ങളായി ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമെന്ന വാര്‍ത്തകളും അഭ്യൂഹങ്ങളും നിലനില്‍ക്കുന്നതിനിടെയാണ് എ കെ ആന്റണിയുമായുള്ള കൂടിക്കാഴ്ചയും കോണ്‍ഗ്രസ് പ്രവേശനവും. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുമായി ചെറിയാന്‍ ഫിലിപ്പ് വേദി പങ്കിടുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ട് മുന്‍പാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടത് സഹയാത്രികനാകുന്നത്. അംഗത്വം ഇല്ലെങ്കിലും സിപിഐഎമ്മിന്റെ സജീവ സഹയാത്രികനായി തുടരുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി സിപിഐഎംഎം വേണ്ട പരിഗണന നല്‍കുന്നില്ല എന്ന പരാതിയെതുടര്‍ന്നാണ് പാര്‍ട്ടി മാറ്റം.