പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ ഉൾപ്പെടെ ഉപരിപഠനത്തിന് മുഖം തിരിക്കുന്ന സർക്കാർ സമീപനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ നിയമസഭ മാർച്ചിൽ സംഘർഷം. ( ksu march turns violent )
ബാരിക്കേട് ഭേതിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് എം.ജി റോഡ് ഉപരോധിച്ച പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അടക്കം അമ്പതോളം പ്രവർത്തകർ പങ്കെടുത്ത പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്.
താലൂക്ക് അടിസ്ഥാനത്തിൽ ഒഴിവുള്ള പ്ലസ് വൺ സീറ്റിന്റെ കണക്കെടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ ഇന്നലെ പറഞ്ഞിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ സീറ്റ് കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റും. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും.
20 ശതമാനം സീറ്റ് വർധന നൽകിയ ജില്ലകളിലും സീറ്റ് ആവശ്യകത ഉണ്ടെങ്കിൽ സർക്കാർ സ്‌കൂളുകളിൽ 10 ശതമാനം സീറ്റ് വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സീറ്റ് വർധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കിൽ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തിൽ സയൻസ് ബാച്ചിൽ താൽക്കാലിക ബാച്ച് ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മുഴുവൻ എപ്ലസ് ലഭിച്ചവരിൽ 5812 പേർക്ക് മാത്രമാണ് ഇനി അഡ്മിഷൻ ലഭിക്കാനുള്ളത്. ഇന്ന് പ്രഖ്യാപിച്ച അധിക ബാച്ചുകളിലൂടെ അവർക്കും അഡ്മിഷൻ ലഭ്യമാകും. സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തുന്നതോടെ മുഴുവൻ എപ്ലസുകർക്കും പ്രവേശനം ലഭിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.