പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും. ഈ മാസം 28 വരെ അപേക്ഷകൾ സമർപ്പിക്കാം. ( plus one first supplementary allotment )
നേരത്തേ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ അപേക്ഷകൾ പുതുക്കി നൽകണം. നേരത്തേ അപേക്ഷിക്കാത്തവരും പിഴവ് കാരണം പ്രവേശനം നിരസിക്കപ്പെട്ടവരും പുതിയ അപേക്ഷ സമർപ്പിക്കണം. നവംബർ ഒന്നിന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായപ്പോൾ 37,545 സീറ്റുകളാണ് മെറിറ്റ്, സ്പോർട്സ് ക്വോട്ടയിൽ ഒഴിവുള്ളത്. ഇതിന് പുറമെ സപ്ലിമെന്ററി ഘട്ടത്തിനുശേഷം കമ്യൂണിറ്റി ക്വോട്ടയിൽ ഒഴിവുള്ള 2500 ഓളം സീറ്റുകൾകൂടി മെറിറ്റിലേക്ക് മാറ്റും.
താലൂക്ക് അടിസ്ഥാനത്തിൽ ഒഴിവുള്ള പ്ലസ് വൺ സീറ്റിന്റെ കണക്കെടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ ഇന്നലെ പറഞ്ഞിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ സീറ്റ് കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റും. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും.
20 ശതമാനം സീറ്റ് വർധന നൽകിയ ജില്ലകളിലും സീറ്റ് ആവശ്യകത ഉണ്ടെങ്കിൽ സർക്കാർ സ്കൂളുകളിൽ 10 ശതമാനം സീറ്റ് വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സീറ്റ് വർധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കിൽ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തിൽ സയൻസ് ബാച്ചിൽ താൽക്കാലിക ബാച്ച് ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മുഴുവൻ എപ്ലസ് ലഭിച്ചവരിൽ 5812 പേർക്ക് മാത്രമാണ് ഇനി അഡ്മിഷൻ ലഭിക്കാനുള്ളത്. ഇന്ന് പ്രഖ്യാപിച്ച അധിക ബാച്ചുകളിലൂടെ അവർക്കും അഡ്മിഷൻ ലഭ്യമാകും. സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തുന്നതോടെ മുഴുവൻ എപ്ലസുകർക്കും പ്രവേശനം ലഭിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.