ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ജർമ്മൻ ക്ലബ് ആർബി ലെപ്സിഗിനെയാണ് പിഎസ്ജി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയത്. പിഎസ്ജിക്ക് വേണ്ടി ഇതിഹാസ താരം ലയണൽ മെസി ഇരട്ട ഗോളുകൾ നേടി. കിലിയൻ എംബാപ്പെയാണ് പിഎസ്ജിയുടെ മൂന്നാം ഗോൾ നേടിയത്. ആന്ദ്രേ സിൽവ, നോർദി മുകിയേലെ എന്നിവരാണ് ലെഗ്സിഗിൻ്റെ ഗോൾ സ്കോറർമാർ. (champions league messi psg)
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൻ്റെ 9ആം മിനിട്ടിൽ തന്നെ പിഎസ്ജി മുന്നിലെത്തി. ജർമ്മൻ താരം ജൂലിയൻ ഡ്രാക്സ്ലറുടെ അസിസ്റ്റിൽ നിന്ന് എംബാപ്പെയാണ് പിഎസ്ജിയുടെ ആദ്യ ഗോൾ നേടിയത്. ഈ നീക്കത്തിൻ്റെ തുടക്കം മെസിയിൽ നിന്നായിരുന്നു. ഒരു ഗോൾ വീണതോടെ നിരന്തരമായ തുടരാക്രമണങ്ങൾ നടത്തിയ ലെപ്സിഗ് 28ആം മിനിട്ടിൽ സമനില പിടിച്ചു. 28 മിനിറ്റിൽ ആഞ്ചലീന്യോ നൽകിയ പാസിൽ നിന്നു ആന്ദ്ര സിൽവയാണ് ഗോൾ നേടിയത്. ആദ്യ പകുതി 1-1 എന്ന സ്കോറിൽ പിരിഞ്ഞു. രണ്ടാം പകുതിയിലും തകർപ്പൻ കളി കെട്ടഴിച്ച ജർമൻ ക്ലബ് 57ആം മിനിട്ടിൽ ഫ്രഞ്ച് ചാമ്പ്യന്മാരെ ഞെട്ടിച്ച് ലീഡെടുത്തു. ആഞ്ചലീന്യോയുടെ ക്രോസിൽ നിന്ന് മുകിയേലെ ലെപ്സിഗിനെ മുന്നിലെത്തിച്ചു. എന്നാൽ, 10 മിനിട്ടുകൾക്കുള്ളിൽ പിഎസ്ജി സമനില തിരിച്ചുപിടിച്ചു. എംബാപ്പെയുടെ പാസിൽ നിന്ന് മെസി തൻ്റെ ആദ്യ ഗോൾ നേടി. 7 മിനിട്ടുകൾക്ക് ശേഷം എംബാപ്പെയെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി ഒരു പനേക കിക്കിലൂടെ വലയിലെത്തിച്ച മെസി പിഎസ്ജിക്ക് ലീഫും ജയവും നേടിക്കൊടുക്കുകയായിരുന്നു. 93ആം മിനിട്ടിൽ അഷ്റഫ് ഹക്കീമിയെ ബോക്സിൽ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി സ്കോർ ചെയ്യാൻ എംബാപ്പെയ്ക്ക് സാധിച്ചില്ല.
ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ഉക്രൈൻ ക്ലബ് ഷാക്തറിനെ മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു. ഷാക്തറിൻ്റെ മൈതാനത്ത് നടന്ന മത്സരത്തിൽ വിനീഷ്യസ് ജൂനിയർ റയലിനായി ഇരട്ട ഗോളുകൾ നേടി. റോഡ്രിഗോ, കരീം ബെൻസേമ എന്നിവരും റയലിനായി വല കുലുക്കിയപ്പോൾ ഒരെണ്ണം സെൽഫ് ഗോളാണ്.
37ആം മിനിട്ട് വരെ റയൽ ആക്രമണങ്ങൾ പ്രതിരോധിച്ച് നിർത്തിയ ഷാക്തറിന് പിന്നീടാണ് അടിതെറ്റിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ റയൽ സെർഹി ക്രിവ്സ്റ്റോവിൻ്റെ സെൽഫ് ഗോളിൽ ഒരു ഗോളിനു മുന്നിലായിരുന്നു. തുടർന്ന് 51, 56 മിനിട്ടുകളിൽ വല ചലിപ്പിച്ച വിനീഷ്യസ് റയലിന് ആധികാരികമായ ലീഡ് നൽകി. 64ആം മിനിട്ടിൽ റോഡ്രിഗോയിലൂടെ നാലാം ഗോൾ നേടിയ റയൽ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ കരീം ബെൻസേമയിലൂടെ ഗോൾ പട്ടിക പൂർത്തിയാക്കി.