മോഹൻലാൽ ചിത്രങ്ങളായ മരയ്ക്കാറും ആറാട്ടും തീയറ്ററിൽ റിലീസ് ചെയ്യും. തീയറ്റർ ഉടമകളുടെ സംഘടനകൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. മരയ്ക്കാർ മുൻപ് തീയറ്റർ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും മാറ്റുകയായിരുന്നു.
സിനിമ തീയറ്ററുകൾ ഇരുപത്തിയഞ്ചാം തീയതി തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തീയറ്റർ ഉടമകളുടെ യോഗത്തിൽ ഇക്കാര്യത്തിലും തീരുമാനമായി. മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള എല്ലാ സിനിമാ തീയറ്ററുകളും ഒരേ സമയത്ത് തന്നെ തുറക്കും. നികുതി കുറയ്ക്കണമെന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങളിൽ പരിഹാരം കാണുന്നതിന് വെള്ളിയാഴ്ച സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി സംഘടന പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും. സർക്കാറിന്റെ മുന്നിൽ വച്ചിരിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് തീയറ്റർ ഉടമകൾ പറഞ്ഞു. എല്ലാ സംഘടനയുടെയും അടിയന്തരയോഗം ഇരുപത്തിരണ്ടാം തീയതിക്ക് ശേഷം ചേരുമെന്നും തീയറ്റർ ഉടമകളുടെ സംഘടന വ്യക്തമാക്കി.
കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് തീയറ്ററുകൾ ഈ മാസം 25 മുതൽ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. പകുതി സീറ്റുകളിൽ ആളുകളെ ഇരുത്തി പ്രവർത്തിപ്പിക്കാനാണ് അനുമതി. എന്നാൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്ന പശ്ചാത്തലത്തിലാണ് ഉടമകൾ യോഗം ചേർന്നത്. നികുതി കുറയ്ക്കണമെന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചാൽ മാത്രമേ തീയറ്റുകൾ തുറക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു തീയറ്റർ ഉടമകൾ. ഇതിലാണ് മാറ്റം വന്നത്.