സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുറഞ്ഞതോടെ പൊതുഇടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് പൊതുഇടങ്ങളില്‍ ഇളവുകള്‍ ബാധകമായിട്ടുള്ളത്. ഈ മാസം 17 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. saudi covid relaxation
ഇളവുകളുടെ ഭാഗമായി പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കേണ്ട. സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ബന്ധമില്ല. ഹറം പള്ളിയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണമില്ല. ഇന്ന് 48 കേസുകള്‍ മാത്രമാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. മരണനിരക്കും പ്രതിദിന കേസുകളും കാര്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകള്‍. അടച്ചിട്ട സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതി. ടാക്‌സികള്‍, ട്രെയിനുകള്‍, ബസുകള്‍ ഉള്‍പ്പെടെ പൊതുഗതാഗത സര്‍വ്വീസുകളിലും പ്രവേശിക്കാന്‍ മാസ്‌ക് ധരിക്കേണ്ടതില്ല. സൗദിയിലെ വിവാഹ മണ്ഡപങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും ഒഴിവാക്കി. അതേസമയം ആകെ ജനസംഖ്യയുടെ 60 ശതമാനം പേര്‍ക്കാണ് സൗദിയില്‍ വെച്ച് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. ഇന്ത്യയുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ സൗദിയിലെത്തുന്നവരുടെ കണക്ക് ഇതിലുള്‍പ്പെടില്ല.