എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർക്ക് സീറ്റ് ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ. പതിനായിരക്കണക്കിന് കുട്ടികൾക്ക് സീറ്റില്ല. ഇനി 683 മെരിറ്റ് സീറ്റാണ് ബാക്കി ഉള്ളത്. വിദ്യാഭ്യാസ മന്ത്രി ഒരേ മറുപടി തന്നെയാണ് ആവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മറുപടി നൽകി. പ്രതിപക്ഷത്തിന് രാഷ്ട്രീയ ദുഷ്ടലാക്കെന്ന് മന്ത്രി പ്രതികരിച്ചു. പ്ലസ് വൺ പ്രവേശനത്തിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്ക് ഇഷ്ട വിഷയങ്ങളിൽ സീറ്റ് ഉറപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കും. ഇക്കാരണത്താൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. സ്കൂൾ തുറക്കുന്നതിന് വേണ്ടിയുള്ള മാർഗരേഖ വന്നതോടെ ആശങ്ക മാറി. കേരളമാണ് ഇത്രയധികം മുന്നൊരുക്കം നടത്തി സ്കൂൾ തുറക്കുന്ന ആദ്യത്തെ സംസ്ഥാനമെന്നും മന്ത്രികഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.