സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ആരോഗ്യ -വിദ്യാഭ്യാസ വകുപ്പിന്റെ മാർഗരേഖ തയാറായി. എൽ പി വിഭാഗത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മാർഗ രേഖയിൽ പറയുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിമാത്രം മതി എന്നാണ് നിർദേശം.
ഹൈ സ്കൂൾ തലത്തിൽ ഒരു ക്ലാസിൽ 20 കുട്ടികൾക്കാണ് അനുമതി. വിദ്യാർത്ഥികൾക്ക് സ്കൂളിൽ ഉച്ചഭക്ഷണം കൊണ്ട് വരാൻ തത്ക്കാലം അനുമതിയില്ലെന്ന് മാർഗരേഖയിൽ വ്യക്തമാക്കുന്നു. എന്നാൽ ക്ലാസുകൾ തുടരുന്നതിന് അനുസരിച്ച് പിന്നീട് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
അതേസമയം ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ മാർഗരേഖ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. മുഖ്യമന്ത്രിയുടെ അനുമതിയോടെയാകും ഈ മാർഗരേഖ പ്രസിദ്ധീകരിക്കുക. എന്നാൽ കുട്ടികൾ കൂടുതലുള്ള സ്കൂളുകളിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്.