യുപിയില്‍ കര്‍ഷകര്‍ക്കുമേല്‍ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ച സംഭവത്തില്‍ മരിച്ചവരുടെഎണ്ണം എട്ടായി. ലഖിംപുര്‍ഖേരി എസ്പി അരുണ്‍ കുമാര്‍ സിംഗ് ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തെത്തി. നാളെ രാജ്യത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളും ഉപരോധിക്കാനാണ് ആഹ്വാനം. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ഉപരോധ സമരം പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.
അപകടത്തില്‍ എട്ട് കര്‍ഷകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉത്തര്‍പ്രദേശ് ലഖിംപൂര്‍ഖേരി ജില്ലയിലെ ടികുനിയയിലാണ് സംഭവമുണ്ടായത്. യുപി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യ പങ്കെടുക്കുന്ന ചടങ്ങ് ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ പ്രദേശത്ത് ഹെലിപാഡില്‍ തടിച്ചുകൂടിയിരുന്നു.
പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് അജയ് കുമാര്‍ മിശ്രയുടെ മകനും സംഘവും പ്രദേശത്ത് കാത്തുനിന്നതായാണ് വിവരം. എന്നാല്‍ കേശവ്പ്രസാദ് മൗര്യ ഉള്‍പ്പെടെയുള്ളവര്‍ അവിടെയിറങ്ങാതെ തിരികെ മടങ്ങി. ഇതിനുപിന്നാലെ കര്‍ഷകര്‍ പിരിഞ്ഞുപോകാന്‍ തീരുമാനിച്ചതിനിടയാണ് ആശിഷ് മിശ്രയുടെ സംഘത്തിന്റെ വാഹനം കര്‍ഷകര്‍ക്കുനേരെ പാഞ്ഞുകയറിയത്.