സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച കോവിഷീൽഡ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഓസ്‌ട്രേലിയൻ സർക്കാർ പ്രവേശനാനുമതി നൽകി. കൊറോണാവാക് (സിനോവാക്), കോവിഷീൽഡ് എന്നീ വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഇനി ഓസ്‌ട്രേലിയയിൽ പ്രവേശിക്കുന്നതിന് തടസമില്ല. വരും ആഴ്ചകളിൽ, ആരോഗ്യമന്ത്രാലയം ബയോസെക്യൂരിറ്റി ആക്ടിന്റെ അടിയന്തര തീരുമാനങ്ങൾ പരിഷ്‌കരിക്കുകയും കൂടുതൽ യാത്രാ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു. ( Australia allow covishield vaccinators )
അതേസമയം, ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി. പത്ത് ദിവസത്തെ നിർബന്ധിത ക്വാറന്റീനാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതൽ നിബന്ധന നിലവിൽ വരും. ഇന്ത്യയിലേക്ക് വരുന്നതിന് മുൻപും ശേഷവും ആർടിപിസിആർ പരിശോധന നിര്ബന്ധമാണ്. എട്ട് ദിവസത്തെ ക്വാറന്റീന് ശേഷവും ആർടിപിസിആർ പരിശോധന നടത്തണം. ഇന്ത്യൻ പൗരന്മാർക്ക് ബ്രിട്ടൻ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയതിന് മറുപടിയായിട്ടാണ് ഇന്ത്യയുടെ പുതിയ നടപടി.
ഇന്ത്യയിൽ നിന്നുള്ളവർക്ക് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചാലും ക്വാറന്റീൻ വേണമെന്ന് ബ്രിട്ടൻ നിർദേശിച്ചിരുന്നു. ബ്രിട്ടന്റെ നിർബന്ധിത നടപടിയിൽ ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടന്റെ തീരുമാനം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് തിരിച്ചടിയാണെന്നും വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശിഖഌപ്രതികരിച്ചിരുന്നു. ബ്രിട്ടൻ നയം മാറ്റിയില്ലെങ്കിൽ ഇന്ത്യയും സമാനനയം സ്വീകരിക്കുമെനന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
നേരത്തെ, കാനഡ ഇന്ത്യക്കാർക്കുള്ള യാത്രാ നിയന്ത്രണം നീക്കിയിരുന്നു. യാത്രക്കാർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പതിനെട്ട് മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ റിസൾട്ടാണ് വേണ്ടത്. മുൻപ് കൊവിഡ് പോസിറ്റീവ് ആയവർ അം?ഗീകൃതമായ ലാബിൽ നിന്ന് കൊവിഡ് പോസിറ്റീവ് എന്ന് സ്ഥിരീകരിച്ച റിപ്പോർട്ട് ഹാജരാക്കണം. കാനഡയിലേക്കുള്ള ഫ്‌ളൈറ്റിന് 14 ദിവസത്തിനും 180 ദിവസത്തിനും ഇടയിലായിരിക്കണം സാമ്പിള് ശേഖരിച്ച തിയതി. യാത്രയ്ക്ക് ആവശ്യമായ ഇത്തരം രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ എയർലൈൻസിന് യാത്രികനെ വിലക്കാൻ അവകാശമണ്ടെന്നും അധികൃതർ വ്യക്തമാക്കി. കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലൊണ് കാനഡ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.