ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവർ എംഎൽഎ വഞ്ചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടി. കേസിൽ പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി പി വിക്രമൻ സമർപ്പിച്ച റിപ്പോർട്ടിലാണ് സുപ്രധാന വെളിപ്പെടുത്തൽ. മംഗലാപുരത്ത് പോയി അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച്.
ക്രഷറും അതിനോട് ചേർന്നുള്ള 26 ഏക്കർ ഭൂമിയും സ്വന്തം ഉടമസ്ഥതയിൽ ആണെന്ന് കാണിച്ചാണ് പ്രവാസി എഞ്ചിനീയറിൽ നിന്ന് 10 ശതമാനം ഷെയറും മാസം അരലക്ഷം രൂപ ലാഭ വിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്. എന്നാൽ ക്രഷർ സർക്കാറിൽ നിന്ന് പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാർ മാത്രമാണ് അൻവറിനുള്ളതുമെന്നാണ് പരാതി.