Kerala

പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണ പുരോഗതി വിലയിരുത്താൻ ക്രൈംബ്രാഞ്ച് മേധാവി ഇന്ന് കൊച്ചിയിൽ, ഭൂമി ഇടപാടിലും അന്വേഷണം

മോൻസൺ മാവുങ്കലിന്റെ ഇടപാടുകളിൽ വിശദപരിശോധനയുമായി അന്വേഷണ സംഘം. അന്വേഷണ പുരോഗതി വിലയിരുത്താൻ ക്രൈം ബ്രാഞ്ച് മേധാവി ഇന്ന് കൊച്ചിയിലെത്തും. അതേസമയം മോൻസൺ മാവുങ്കലിന്റെ ഭൂമിയിടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. മോൻസണിന്റെ ബാങ്ക് അകൗണ്ട് വിവരങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു.

ഇതിനിടെ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് ശംഖുകൾ പിടിച്ചെടുത്തിരുന്നു. ശംഖുകൾ സംരക്ഷിത വിഭാഗത്തിൽപ്പെട്ടതാണെന്ന് വനം വകുപ്പ് കണ്ടെത്തി. ഇക്കാര്യത്തിൽ ഫൊറൻസിക് പരിശോധനകൾക്ക് ശേഷം കേസെടുക്കും.

അതേസമയം മോൻസൺ മാവുങ്കലിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാനൊരുങ്ങി ക്രൈംബ്രാഞ്ച് . മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. പാലാ സ്വദേശി രാജീവ് നൽകിയ പരാതിയിൽ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ച് സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്.

അതിനിടെ തന്റെ ശേഖരത്തിലുള്ള പുരാവസ്തുക്കളെല്ലാം വ്യാജമെന്ന് സമ്മതിച്ച് മോൻസൺ മാവുങ്കൽ. ഇന്നലെ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് മോൻസൺ ഇക്കാര്യം സമ്മതിച്ചത്. ബംഗളൂരു, ഹൈദരാബാദ് മ്യൂസിയങ്ങളിൽ നിന്ന് വാങ്ങിയ വസ്തുക്കളാണ് തന്റെ പക്കൽ ഉള്ളതെന്നും വർഷങ്ങൾ പഴക്കമുള്ള വസ്തുക്കളൊന്നും തന്റെ പക്കൽ ഇല്ലെന്നും മോൻസൺ വ്യക്തമാക്കി. കൂടാതെ പുരാവസ്തുവെന്ന പേരിൽ താൻ യാതൊരു വസ്തുക്കളും വില്പന നടത്തിയിട്ടില്ലെന്നും മോൻസൺ ചോദ്യംചെയ്യലിൽ പറഞ്ഞു.